LiveTV

Live

Kerala

സി.പി.എം തെറ്റുതിരുത്തല്‍: യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാവണമെന്ന് ജമാഅത്തെ ഇസ്‍ലാമി

താല്‍ക്കാലിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ പ്രീണനം തുടരുന്ന സി.പി.എം നിലപാട് കേരളത്തിലെ മത നിരപേക്ഷ മനസുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തിരിച്ചറിയണം...

സി.പി.എം തെറ്റുതിരുത്തല്‍: യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാവണമെന്ന് ജമാഅത്തെ ഇസ്‍ലാമി

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സി.പി.എം സംഘടനാ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനതലത്തിലെ തെറ്റുതിരുത്തല്‍ നടപടികള്‍ യാഥാര്‍ഥ്യബോധമുള്ളതും വസ്തുനിഷ്ഠവുമായിരിക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. ന്യൂനപക്ഷ വര്‍ഗീയതയാണ് ഭൂരിപക്ഷ വര്‍ഗീയതക്ക് സഹായകമാവുന്നതെന്ന പതിവ് സിദ്ധാന്തശാഠ്യം സംഘ്പരിവാരിനെ പ്രീണിപ്പിക്കുകയാണെന്ന യാഥാര്‍ഥ്യം ഇനിയും സി.പി.എമ്മിന് മനസ്സിലാവാത്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയതയെ വിശദീകരിക്കുമ്പോള്‍ രാജ്യത്തിന്റെ വിശാല താല്‍പര്യം പരിഗണിക്കാന്‍ ആ പാര്‍ട്ടിക്കാവുന്നില്ല. രാജ്യത്തുടനീളം നിയമാനുസൃതവും ജനാധിപത്യപരവുമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‍ലാമിയുടെ മേല്‍ വര്‍ഗീയത ആരോപിക്കുന്നത് കേരളീയ സമൂഹം മുഖവിലക്കെടുക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. അവര്‍ഗീയവും സമാധാനപരമായും ഫാഷിസ്റ്റ് വിരുദ്ധവുമായ പ്രവര്‍ത്തന ശൈലിയാണ് ജമാഅത്തെ ഇസ്‍ലാമിയും അതിന്റെ പോഷക വിഭാഗങ്ങളും സ്വീകരിച്ചിട്ടുള്ളത്. നീതിയുടെയും നന്മയുടെയും പക്ഷത്താണ് ജമാഅത്തെ ഇസ്‍ലാമിയുള്ളത്.

ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉയര്‍ത്തിയ പ്രസ്ഥാനം എന്ന നിലക്ക് കേരളത്തിലെ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ജമാഅത്ത് തത്വാധിഷ്ഠിത നിലപാട് സ്വീകരിച്ചത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ഇക്കാര്യം സി.പി.എമ്മിന് അറിയാത്തതല്ല. പാര്‍ട്ടി ജിഹ്വകളില്‍ നിന്ന് മാത്രമേ ജമാഅത്തെ ഇസ്‍ലാമിയെ മനസ്സിലാക്കാവൂ എന്ന നിര്‍ബന്ധബുദ്ധി സി.പി.എമ്മിനുണ്ടെങ്കിലും കേരള സമൂഹം അതിനപ്പുറം മുന്നോട്ട് പോയിട്ടുണ്ടെന്നത് മനസ്സിലാക്കുന്നതാണ് ഉചിതം.

പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടന സാമൂഹിക, സാംസ്‌കാരിക മേഖലയെ സ്വാധീനിക്കുന്നുവെങ്കില്‍ അത് കേരള സമൂഹത്തിന്റെ പുരോഗമന നിലപാടിനെയാണ് അടയാളപ്പെടുത്തുന്നത്. അതാരെയും അസ്വസ്ഥപ്പെടുത്തേണ്ട കാര്യവുമല്ല.

താല്‍ക്കാലിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ പ്രീണനം തുടരുന്ന സി.പി.എം നിലപാട് കേരളത്തിലെ മത നിരപേക്ഷ മനസുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തിരിച്ചറിയണം. ഫാഷിസത്തിനെതിരെ ദലിത്, മത ന്യൂനപക്ഷ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട പാര്‍ട്ടി അത്തരം വിഭാഗങ്ങളെ അകറ്റി നിര്‍ത്തുന്നത് ഗുണകരമാവില്ലെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.