LiveTV

Live

Kerala

ഫിഷ് മീല്‍ ഫാക്ടറി ഉടമകളുടെ സമരം: മത്സ്യബന്ധന മേഖലയില്‍ കടുത്ത പ്രതിസന്ധി

മത്സ്യഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെക്കുന്നത്.

ഫിഷ് മീല്‍ ഫാക്ടറി ഉടമകളുടെ സമരം: മത്സ്യബന്ധന മേഖലയില്‍ കടുത്ത പ്രതിസന്ധി

ഫിഷ് മീല്‍ ഫാക്ടറി ഉടമകളുടെ സമരത്തെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയില്‍ കടുത്ത പ്രതിസന്ധി. ഫിഷ് മീല്‍ പൌഡറിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി ഫിഷ് മീല്‍ ഫാക്ടറി ഉടമകള്‍ നടത്തുന്ന സമരമാണ് മത്സ്യമേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല മത്സ്യബന്ധന തുറമുഖങ്ങളിലും ചെറു മീനുകള്‍ കെട്ടിക്കിടക്കുകയാണ്.

ഹാര്‍ച്ചറികളിലേക്കും പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കുമടക്കം ഭക്ഷണാവശ്യത്തിനായി ചെറു മീനുകള്‍ പൊടിച്ചു കൊടുക്കുന്ന ഫാക്ടറികള്‍ ഈ മാസം ഒന്ന് മുതലാണ് സമരത്തിന്‍റെ ഭാഗമായി അടച്ചിട്ടത്. ഇതുമൂലം പ്രതിസന്ധിയിലായതാകട്ടെ മത്സ്യത്തൊഴിലാളികളും. ചെറിയ കിളിമീന്‍ മേടിക്കാന്‍ ആളില്ലാതായി. പെട്ടിക്ക് 4000 രൂപ വിലയുണ്ടായിരുന്ന ചെറിയ കിളിമീന് ഇപ്പോള്‍ ലഭിക്കുന്നത് 1400 രൂപയില്‍ താഴെ മാത്രം. അയല ഉള്‍പ്പെടെയുള്ള മീനുകള്‍ക്കും വില നേര്‍പ്പകുതിയായി.

ട്രോളിംഗ് നിരോധനകാലത്തെ വറുതിക്ക് ശേഷം മത്സ്യം കിട്ടിത്തുടങ്ങിയ സമയത്ത് സമരം തുടങ്ങിയത് ബോട്ടില്‍ പോകുന്നവര്‍ക്കും വലിയ തിരിച്ചടിയാണ്. തൊഴിലാളികള്‍ക്ക് കൂലി പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുകയാണ്. മത്സ്യഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി സമരം ഉടന്‍ ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണ് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെക്കുന്നത്.