LiveTV

Live

Kerala

വാടകക്ക് രോഗികളെ ഇറക്കിയ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ പഠന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം  

എസ്.ആര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച വിദഗ്ധ സംഘം ഉടന്‍ സര്‍ക്കാരിനും ഹൈക്കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 വാടകക്ക് രോഗികളെ ഇറക്കിയ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ പഠന സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം  

വാടകയ്ക്ക് രോഗികളെ ഇറക്കിയതിലൂടെ വിവാദമായ വര്‍ക്കല എസ്.ആര്‍ കോളജില്‍ പഠന സാഹചര്യമില്ലെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ വിലയിരുത്തല്‍. എസ്.ആര്‍ മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച വിദഗ്ധ സംഘം ഉടന്‍ സര്‍ക്കാരിനും ഹൈക്കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോളജിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകളുണ്ടെന്ന് വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലറുമായ ഡോ എ നളിനാക്ഷന്‍ മീഡിയവണിനോട് പറഞ്ഞു. മീഡിയവണ്‍ എക്സ്ക്ലൂസിവ്.

അധ്യാപകരുടെ കുറവ്, രോഗികളുടെ കുറവ്, മറ്റു ക്ലിനിക്കല്‍ സൌകര്യങ്ങളുടെ കുറവ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സാഹചര്യം കോളജിലില്ലെന്ന വിലയിരുത്തലിലേക്ക് സമിതി എത്തിയെന്നാണ് സൂചന. കോളജിന് പോരായ്മകളുണ്ടെന്ന് സംഘത്തലവന്‍ ഡോ എ നളിനാക്ഷന്‍ പറഞ്ഞു.

ആശുപത്രിയിലേക്ക് വാടകയ്ക്ക് രോഗികളെ ഇറക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥികള്‍ അന്വേഷണ സംഘത്തിന് കൈമാറി. പഠന സാഹചര്യമില്ലെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയുടെയും ഹൈക്കോടതി കേസിന്‍റെയും പശ്ചാത്തലത്തിലാണ് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച വിദഗ്ധ സംഘം വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെത്തിയത്. രാവിലെ മുതല്‍ തുടങ്ങിയ പരിശോധന വൈകുംവരെ നീണ്ടു.

ആരോഗ്യ സര്‍വകലാശാല അലോപ്പതി ഡീന്‍ ഡോ മോഹനന്‍, പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സാറാ വര്‍ഗീസ് എന്നിവരാണ് സമിതിയുടെ മറ്റ് അംഗങ്ങള്‍. സമിതി റിപ്പോര്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കകം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഹൈക്കോടതിക്കും സമര്‍പ്പിക്കും.