LiveTV

Live

Kerala

മീസാന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന്  ഓഹരി ഉടമകള്‍   

ആയിരത്തിലധികം ആളുകളില്‍ നിന്നും 25 കോടി രൂപയിലധികം സമാഹരിച്ച ശേഷം വഞ്ചിച്ചുവെന്നാണ് ആരോപണം.

 മീസാന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന്  ഓഹരി ഉടമകള്‍   

മീസാന്‍ ഗോള്‍ഡ് ഡയറക്ടര്‍മാര്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ഓഹരി ഉടമകള്‍ രംഗത്ത്. ആയിരത്തിലധികം ആളുകളില്‍ നിന്നും 25 കോടി രൂപയിലധികം സമാഹരിച്ച ശേഷം വഞ്ചിച്ചുവെന്നാണ് ആരോപണം. കോഴിക്കോട് യോഗം ചേര്‍ന്ന ഓഹരി ഉടമകള്‍ ഡയറക്ടര്‍മാര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.

കോഴിക്കോട് ആസ്ഥാനമായി പ്രവാസികള്‍ അടക്കമുള്ളവരുടെ സഹകരണത്തോടെയാണ് 2003ല്‍ മീസാന്‍ ഗോള്‍ഡ് ആരംഭിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 1500 രൂപയും വര്‍ഷത്തില്‍ ലാഭവിഹിതവുമെന്നായിരുന്നു വാഗ്ദാനം. 20 ലക്ഷം രൂപ വരെ പലരും നിക്ഷേപിച്ചു. പ്രവാസികളായിരുന്നു ഭൂരിഭാഗവും. എന്നാല്‍ 15 വര്‍ഷമായി ഇവര്‍ക്ക് വരുമാനം നിലച്ചിട്ട്. ഇതിനു പുറമേ മീസാന്‍ ഗോള്‍ഡിന്‍റെ മൂന്നു ജ്വല്ലറികളും അടച്ചു പൂട്ടുക കൂടി ചെയ്തതോടെ പ്രതിഷേധം ശക്തമായി. ജ്വല്ലറിക്ക് പുറമേ ചെരിപ്പു കമ്പനിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുമെല്ലാം തുടങ്ങിയെങ്കിലും ഇവയെല്ലാം പരാജയപ്പെട്ടെന്നാണ് ഓഹരിയുടമകള്‍ പറയുന്നത്. ഡയറക്ടര്‍മാര്‍ തമ്മിലുള്ള നിയമ പോരാട്ടം തകര്‍ച്ചക്ക് ആക്കം കൂട്ടി.

സ്ഥാപനത്തിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ വിറ്റ് പണം തിരികെ നല്‍കണമെന്ന ആവശ്യമാണ് നിക്ഷേപകര്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ കൈവശമുള്ള സ്വത്ത് വിറ്റ് നിക്ഷേപകര്‍ക്കുള്ള പണം നല്‍കുമെന്ന് മീസാന്‍ ഗോള്‍ഡ് സ്ഥാപക എം.ഡി എ അബ്ദുല്ല അറിയിച്ചു. ചിലര്‍ സ്ഥാപനത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.