LiveTV

Live

Kerala

മീഡിയവണ്‍ സംഘത്തിന് നേരെ എസ്.ആര്‍ കോളജ് അധികൃതരുടെ പരാക്രമം  

വിദഗ്ധ സംഘത്തിന്‍റെ കോളജിലെ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം മാനേജ്മെന്‍റ് ജീവനക്കാര്‍ തടഞ്ഞു.

 മീഡിയവണ്‍ സംഘത്തിന് നേരെ എസ്.ആര്‍ കോളജ് അധികൃതരുടെ പരാക്രമം  

ആരോഗ്യ സര്‍വകലാശാലയുടെ പരിശോധന റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മീഡിയവണ്‍ സംഘത്തിന് നേരെ വര്‍ക്കല എസ്.ആര്‍ കോളജ് അധികൃതരുടെ പരാക്രമം. വിദഗ്ധ സംഘത്തിന്‍റെ കോളജിലെ പരിശോധനയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമം മാനേജ്മെന്‍റ് ജീവനക്കാര്‍ തടഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെയും സെക്യൂരിറ്റി ജീവനക്കാര്‍ ഭീഷണി മുഴക്കി. ആരോഗ്യ സര്‍വകലാശാലയുടെ പരിശോധനാ ദിവസവും വാടകയ്ക്ക് രോഗികളെത്തി.

എസ്.ആര്‍ മെഡിക്കല്‍ കോളജിലെ പഠന സൌകര്യങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ആരോഗ്യസര്‍വകലാശാലയുടെ വിദഗ്ധ സംഘം എത്തിയെന്നറിഞ്ഞ് മീഡിയവണ്‍ സംഘം മെ‍ഡിക്കല്‍ കോളജിലെത്തി. രോഗികളുമായി സംസാരിക്കാന്‍ ശ്രമിക്കവേ സെക്യൂരിറ്റി ജീവനക്കരെന്ന് പറഞ്ഞുവന്ന സംഘം തടഞ്ഞുവെച്ചു. അക്കാദമിക് ബ്ലോക്കില്‍ വിദഗ്ധ സംഘമുണ്ടെന്നറിഞ്ഞ അങ്ങോട്ട് പോയെങ്കിലും അവിടെയും കയറാന്‍ അനുവദിച്ചില്ല. കെട്ടിടത്തിന് പുറത്ത് കാത്തു നിന്ന വാര്‍ത്താ സംഘത്തെയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനെയും കോമ്പൌണ്ടില്‍ നിന്ന് പുറത്താക്കാനും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രമിച്ചു.

മീഡിയവണ്‍ സംഘത്തെ അകത്താക്കി വാതിലും പൂട്ടി. അവസാനം വിദഗ്ധ സംഘം പരിശോധന കഴിഞ്ഞ് പുറത്തെത്തിയപ്പോഴാണ് വാര്‍ത്താ സംഘത്തിനും പുറത്തു കടക്കാന്‍ കഴിഞ്ഞത്. വാടകക്കെത്തിച്ച രോഗികള്‍ അപ്പോഴേക്കും മടക്കയാത്ര ആരംഭിച്ചിരുന്നു.