LiveTV

Live

Kerala

സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല; പച്ചത്തേങ്ങ സംഭരണ പദ്ധതി തുടക്കത്തിലെ പാളി

ഇതര സംസ്ഥാന ലോബിയുടെ ഇടപെടലാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല; പച്ചത്തേങ്ങ സംഭരണ പദ്ധതി തുടക്കത്തിലെ പാളി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പച്ചത്തേങ്ങ സംഭരണ പദ്ധതി തുടക്കത്തിലെ പാളി. വിപണി വിലക്ക് അനുസൃതമായി സംഭരണ വില നിശ്ചയിക്കുന്നമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാകാത്തതിനെ തുടര്‍ന്നാണ് സംഭരണം മുടങ്ങിയത്. ഇതര സംസ്ഥാന ലോബിയുടെ ഇടപെടലാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

സംസ്ഥാനത്ത് നാളികേര വില കൂപ്പ് കുത്തിയതിനെ തുടര്‍ന്നാണ് കേരഫെഡ് മുഖാന്തരം പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടിസ്ഥാന സൌകര്യങ്ങളുള്ള സഹകരണ സംഘങ്ങള്‍, നാളികേര വികസന ബോര്‍ഡിനു കീഴിലുളള ഉത്പാദക ഫെഡറഷനുകള്‍ എന്നിവരെയാണ് സംഭരണ ചുമതല കേരഫെഡ് ഏല്‍പ്പിച്ചത്. ഇതിനായി പത്ത് കോടി രൂപ കൃഷി വകുപ്പ് മാറ്റി വെച്ചിരുന്നു.

കഴിഞ്ഞ ജൂലൈ ആറിന് സംഭരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് വെച്ച് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. 27 രൂപക്കാണ് ആദ്യ ഘട്ട സംഭരണം ആരംഭിച്ചത്. വിപണി വില ഉയരുന്നതിനനുസരിച്ച് സംഭരണ വില മാറ്റി നിശ്ചയിക്കുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇത് നടപ്പിലായില്ല. ഇതോടെ സംഭരണ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വരവ് തടയാന്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നാളികേരം ഇവിടെ തന്നെ സംഭരിച്ച് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കൂടിയാണ് ഇതോടെ പാഴായത്.