LiveTV

Live

Kerala

ബാലഭാസ്കറിന്‍റെ മരണം:  ദുരൂഹത നീക്കണമെന്ന് ബന്ധു

അപകടത്തിന്‍റെ തുടക്കം മുതല്‍ സംഭത്തിന്‍റെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ടായിരുന്നു

ബാലഭാസ്കറിന്‍റെ മരണം:  ദുരൂഹത നീക്കണമെന്ന് ബന്ധു

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ബന്ധുവായ പ്രിയ വേണുഗോപാല്‍. ഫേസ്ബുക്കിലൂടെയാണ് പ്രിയ തന്‍റെ നിലപാടറിയിച്ചത്. അപകടത്തിന്‍റെ തുടക്കം മുതല്‍ സംഭത്തിന്‍റെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ഇവര്‍ രംഗത്തുണ്ടായിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജ്ജുനാണെന്ന ഫോറസിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫേസബുക്ക് പോസ്റ്റ്.

കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. തുടര്‍ന്ന് ബാലഭാസ്‌കറിന്‍റെ അച്ഛന്‍ കെ.സി ഉണ്ണിയാണ് അപകടത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കിയത്.

അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചത് ആരായിരുന്നുവെന്നതിനെപ്പറ്റി വ്യക്തമായ വിവരങ്ങളൊന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല. ഇതില്‍ വ്യത്യസ്തമായ ദൃക്‌സാക്ഷി മൊഴികളുമുണ്ടായത് അന്വേഷണ സംഘത്തെ വലച്ചു. ഈ കുരുക്കഴിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുകയായിരുന്നു.

അര്‍ജുനാണ് കാര്‍ അപകട സമയത്ത് ഓടിച്ചിരുന്നതെന്ന് ഈ പരിശോധനയില്‍ തെളിഞ്ഞു. അര്‍ജുന്‍റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിരുന്നു. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ പരിക്കേല്‍ക്കുക. ഇടത് ഭാഗത്തെ സീറ്റില്‍ ഇരുന്ന ലക്ഷ്മി സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പുറകില്‍ മധ്യഭാഗത്തായിട്ടാണ് ബാലഭാസ്‌കര്‍ ഇരുന്നിരുന്നത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിനാലാണ് ഇടിയുടെ ആഘാതത്തില്‍ മരണത്തിന് കാരണമായത്. അതേസമയം അപകടത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് ഫോറന്‍സിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തല്‍.

അങ്ങനെ ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. അര്‍ജുന്‍ ആണ് വണ്ടി ഓടിച്ചത്.. 'അര്‍ജുനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു അറസ്റ്റ് ചെയ്യേണ്ടി വന്നേക്കു'മെന്ന് വാര്‍ത്ത.. ഒരുവര്‍ഷം കള്ളം പറഞ്ഞു നടന്നതിനോ?? ഏതായാലും വലിയ കാര്യമൊന്നുമല്ല. ഇത് പുതിയ വാര്‍ത്തയുമല്ല. 'ദുരൂഹത' ക്രൈം ബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കുമേ തീര്‍ന്നിട്ടുള്ളൂ. ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ അവിടെത്തന്നെയുണ്ട്.. അര്‍ജുന്‍ അല്ല വണ്ടിയോടിച്ചതു എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ലോക്കല്‍ പോലീസ് മുതല്‍ അന്വേഷണം ഇനി വീണ്ടും തുടങ്ങേണ്ടി വരുമല്ലോ സാറേ....