LiveTV

Live

Kerala

പ്രളയം; സംസ്ഥാനത്തെ നിർമ്മാണ രീതിയിൽ സമൂല മാറ്റത്തിന് കളമൊരുങ്ങുന്നു 

പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണനയിലുണ്ട്.

പ്രളയം; സംസ്ഥാനത്തെ നിർമ്മാണ രീതിയിൽ സമൂല മാറ്റത്തിന് കളമൊരുങ്ങുന്നു 

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിർമ്മാണ രീതിയിൽ സമൂല മാറ്റത്തിന് കളമൊരുങ്ങുന്നു. പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണനയിലുണ്ട്. പരിസ്ഥിതി സൗഹൃദ നിര്‍മാണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രളയക്കെടുതികൾ ആവർത്തിക്കുന്നതും ഉരുൾപൊട്ടൽ വ്യാപിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ നിർമ്മാണ രീതിയിൽ സമൂല മാറ്റം വരുത്താനുളള ആലോചനയിലേക്ക് സർക്കാർ കടക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകും. കോൺക്രീറ്റ് നിർമ്മിതികളിൽ നിന്ന് പിൻമാറുന്ന കാര്യമാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രീഫാബ്, സ്റ്റീൽ ഫാബ്രിക്കേഷൻ, ജിഎഫ്ആർജി തുടങ്ങിയ രീതികൾ ഉപയോഗിച്ച് ബദൽ നിർമ്മാണ സാധ്യതകൾ വിപുലപ്പെടുത്താനാണ് സർക്കാർ ആലോചന.

ജിപ്സം ഷീറ്റുകളും മറ്റും കൂടുതലായി ഉപയോഗിച്ചുളള സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. പ്രീഫാബ് നേരത്തെ പുനർ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇത് വിജയകരമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആദ്യഘട്ടത്തിൽ സർക്കാറിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലാവും ബദൽ നിർമ്മാണ രീതികൾ നടപ്പിലാക്കുക. സിപിഎം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ ഇനി ഇങ്ങനെയാവണമെന്നും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടു വരുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ട്. ക്വാറി, മണലൂറ്റ് മേഖലകളിലും ഇതോട് കൂടി നിയന്ത്രണം വന്നേക്കും. ബദൽ നിർമ്മാണ രീതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻതന്നെ വിദഗ്ദ്ധരുടെ യോഗം വിളിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.