LiveTV

Live

Kerala

ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം

ശബരിമലയില്‍ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. യുവതികളെ മലകയറാന്‍ നിര്‍ബന്ധിക്കേണ്ടെന്ന മുന്‍ നിലപാട് ജനങ്ങളോട് വിശദീകരിക്കും

ശബരിമലയില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്ന് സി.പി.എം

തെരഞ്ഞെടുപ്പ് തിരിച്ചടി മറികടക്കാന്‍ വിശ്വാസകാര്യങ്ങളില്‍ നിലപാട് മാറ്റവുമായി സി.പി.എം. യുവതീപ്രവേശനത്തില്‍ നേരത്തെ ഉണ്ടായിരുന്ന കടുത്ത നിലപാട് വേണ്ടെന്ന ധാരണ സംസ്ഥാനസമിതിയില്‍ ഉണ്ടായി. വിശ്വാസികളുടെ വികാരത്തെ മാനിക്കണം. യുവതികളെ ശബരിമലയില്‍ കൊണ്ട് പോകാന്‍ മുന്‍കൈ എടുക്കില്ലെന്ന മുന്‍ നിലപാട് ജനങ്ങളോട് വീണ്ടും വിശദീകരിക്കാനും തീരുമാനിച്ചു. പ്രാദേശികമായ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകണെന്നും ധാരണയായിട്ടുണ്ട്. തെറ്റ് തിരുത്തല്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ച തുടരുകയാണ്.

ലോക്സഭ തെരഞ്ഞെടുപ്പിലെ വന്‍തിരിച്ചടിക്ക് പിന്നാലെ നടത്തിയ ഗൃഹസന്ദര്‍ശനങ്ങളില്‍ വനിതകള്‍ അടക്കം പറഞ്ഞ പ്രധാനപരാതി ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ കുറിച്ചായിരുന്നു. ശബരിമലയും വിശ്വാസസംബന്ധമായ കാര്യങ്ങളും തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ആക്കം കൂട്ടി എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസകാര്യങ്ങള്‍ നിലപാട് മാറ്റാന്‍ സി.പി.എം നിര്‍ബന്ധിതമാകുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നേരത്തെ ഉണ്ടായിരുന്ന കടുത്ത നിലപാട് ഇനി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ സാധ്യതയില്ല. വിശ്വാസികളുടെ വികാരത്തെ മാനിച്ച് മുന്നോട്ട് പോകണം. യുവതികളെ കയറ്റാന്‍ മുന്‍കൈ എടുക്കില്ല എന്ന മുന്‍ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തും. യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു എന്ന തെറ്റിദ്ധാരണ മാറ്റാനാവശ്യമായ പ്രചരണങ്ങള്‍ സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്.

അതേസമയം സമയം വിശ്വാസ കാര്യങ്ങളില്‍ നിന്ന് നേതാക്കള്‍ മാറിനില്‍ക്കണമെന്ന നേരത്തെയുള്ള തീരുമാനത്തിലും സി.പി.എം മാറ്റം വരുത്തുന്നുണ്ട്. പ്രാദേശികമായ ക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമാകണം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. തെറ്റ് തിരുത്തല്‍ രേഖ ഭേദഗതികളോടെ സംസ്ഥാന സമിതി ഇന്ന് അംഗീകരിക്കും.