LiveTV

Live

Kerala

കെ.പി.സി.സി പുനഃസംഘടനക്ക് മാനദണ്ഡം വേണമെന്ന് ഹൈക്കമാന്‍ഡ്

മാനദണ്ഡമില്ലാതെ പുനസംഘടന നടത്തിയാല്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാകുമെന്ന് വിലയിരുത്തല്‍

കെ.പി.സി.സി പുനഃസംഘടനക്ക് മാനദണ്ഡം വേണമെന്ന് ഹൈക്കമാന്‍ഡ്

കെ.പി.സി.സി പുനഃസംഘടനക്ക് മാനദണ്ഡം വേണമെന്ന് ഹൈക്കമാന്‍ഡ്. മാനദണ്ഡമില്ലാതെ പുനഃസംഘടന നടത്തിയാല്‍ ആഭ്യന്തരതര്‍ക്കം രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് നിലപാട്. അതേസമയം ഒരാള്‍ക്ക് ഒരു പദവി മാനദണ്ഡത്തില്‍ തീരുമാനമാകാതെ മുന്നോട്ട് പോവുകയാണ് കെ.പി.സി.സി.

ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തില്‍ തട്ടി കെ.പി.സി.സി പുനഃസംഘടനാ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെയാണ് മാനദണ്ഡം വേണമെന്ന നിലപാട് ഹൈക്കമാന്‍ഡ് അറിയിക്കുന്നത്. പൊതു മാനദണ്ഡം നടപ്പാക്കിയില്ലെങ്കില്‍ പാര്‍ട്ടിക്കകത്ത് വലിയ തര്‍ക്കമുണ്ടാകും. ഉപതെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ അനുകൂലാവസ്ഥ നഷ്ടപ്പെടാന്‍ പുനഃസംഘടനാ തര്‍ക്കങ്ങള്‍ ഇടയാക്കാന്‍ പാടില്ല. മാനദണ്ഡം വേണമെന്ന ആവശ്യപ്പെടാന‍് ഹൈകമാന്‍ഡിനേ പ്രരിപ്പിച്ച ഘടകം ഇതാണ്. ഒരാള്‍ക്ക് ഒരു പദവി, പത്ത് വര്‍ഷത്തിലധികം ഓരേ ഭാരവാഹിത്വത്തിലിരുന്നവരെ ഒഴിവാക്കല്‍ എന്നിവയാണ് പ്രധാന മാനദണ്ഡമായി ചര്‍ച്ചയിലുള്ളത്. ഇതില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതാണ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ പ്രധാന തര്‍ക്കം.

എ ഗ്രൂപ്പ് എറെക്കുറെ ഈ മാനദണ്ഡം അംഗീകരിച്ചെങ്കിലും ഐ ഗ്രൂപ്പ് തീരുമാനമെടുക്കാത്തതിനാല്‍ കാത്തിരിക്കാനാണ് എ ഗ്രൂപ്പിന്‍റെയും തീരുമാനം. ഐ ഗ്രൂപ്പില്‍ കെ. മുരളീധരന്‍ അടക്കമുള്ള വിഭാഗം എം.പി, എം.എല്‍.എമാര്‍ മാറിനില്‍ക്കണമെന്ന നിലപാടെടുക്കുമ്പോള്‍ മുന്‍ മന്ത്രിമാര്‍ അടക്കമുള്ള എം.എല്‍.എ മാരുടെ സമ്മര്‍ദ്ദം രമേശ് ചെന്നിത്തലക്ക് മേലുണ്ട്. ജൂലൈ 31 ന് പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസമാകുമ്പോഴും പുനഃസംഘടനയെ കരക്കെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം അവസാനത്തോടെയെങ്കിലും ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് കെ.പി.സി.സി നേതൃത്വം.