LiveTV

Live

Kerala

എറണാകുളത്ത് ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് രണ്ട് എ.എസ്.ഐമാര്‍

എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ രണ്ട് എ.എസ്.ഐമാരാണ് ആത്മഹത്യ ചെയ്തത്.

എറണാകുളത്ത് ഒരു മാസത്തിനിടെ ആത്മഹത്യ ചെയ്തത് രണ്ട് എ.എസ്.ഐമാര്‍

ആലുവയില്‍ എ.എസ്.ഐ ബാബുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ രണ്ട് എ.എസ്.ഐമാരാണ് ആത്മഹത്യ ചെയ്തത്. അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുവിനെ ഇന്നലെ രാവിലെയാണ് കുട്ടമശേരിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്.ഐയുടെ മാനസിക സമ്മര്‍ദ്ദം കാരണമാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ഉന്നയിച്ചുകൊണ്ട് സുഹൃത്തുകളാണ് ആദ്യം രംഗത്തെത്തിയത്. തന്റെ മരണത്തിന് കാരണം എസ്.ഐ രാജേഷ് ആണെന്ന് കാണിച്ചുകൊണ്ട് ബാബു പൊലീസ് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശവും പുറത്തുവന്നു. ഇതോടെ എ.എസ്.ഐയുടെ കുടുംബവും ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന ആരോപണവുമായി രംഗത്തെത്തി. തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. എ.എസ്.ഐയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് അന്വേഷിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം ക്രൈബാഞ്ച് ഡി.വൈ.എസ്.പിക്കാണ് നല്‍കിയിരിക്കുന്നത്.

ഈ മാസം എട്ടാം തിയതി ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. ഈ മരണവും മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന പരാതി ഉയര്‍ന്നിരുന്നു. ആലുവയില്‍ തന്നെ അടുത്ത ദിവസങ്ങളിലായി രണ്ട് എ.എസ്.ഐമാര്‍ ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എസ്.പിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് സിഐ നാടുവിട്ട സംഭവവും ജില്ലയില്‍ അടുത്തിടെയാണ് ഉണ്ടായത്.