LiveTV

Live

Kerala

23 വര്‍ഷമായിട്ടും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ല

കാലതാമസം വരുത്താതെ നിലവിലുള്ള കേസില്‍ ഹൈക്കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്തി വേഗത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍

23 വര്‍ഷമായിട്ടും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ല

പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നത് സംസ്ഥാനത്ത് 23 വര്‍ഷമായി നടക്കുന്നില്ല. സാമൂഹിക -സാമ്പത്തിക -ജാതി സര്‍വേ നടത്താത്തതാണ് പട്ടിക പുതുക്കുന്നതിന് തടസമാവുന്നത്. ഇക്കാര്യത്തില്‍ കാലതാമസം വരുത്താതെ നിലവിലുള്ള കേസില്‍ ഹൈക്കോടതിയെ നിജസ്ഥിതി ബോധ്യപ്പെടുത്തി വേഗത്തില്‍ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ രംഗത്ത് എത്തി.

ഓരോ പത്ത് വര്‍ഷം കഴിയുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുനഃപരിശോധിക്കണമെന്നാണ് 1993ലെ പിന്നാക്ക കമ്മീഷന്‍ ആക്ടില്‍ പറയുന്നത്. സമാനമായ നിര്‍ദേശം സുപ്രീംകോടതിയും നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇത് പാലിക്കപ്പെട്ടിട്ടില്ല. പട്ടിക പുതുക്കുന്നതിനായി സംസ്ഥാനത്തെ ബാക്ക് വേര്‍ഡ് ക്ലാസ് കമ്മീഷന്‍ സാമൂഹിക-സാമ്പത്തിക ജാതി സര്‍വേ നടത്തണമെന്നാണ് വ്യവസ്ഥ. ഇത് നടക്കാത്തതാണ് പട്ടിക പുതുക്കുന്നതിനുള്ള തടസം.

ഇതോടെ 73 വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും കഴിയാതായി. നിലവില്‍ ഇത് സംബന്ധിച്ചുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജൂലൈ 22ന് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്തി സര്‍വേ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

ഈ മാസം 26നാണ് ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. ഈ ഘട്ടത്തില്‍ സര്‍വേ നടത്താനുള്ള സന്നദ്ധത സര്‍ക്കാര്‍ കോടതിയെ അറിയിക്കണമെന്നാണ് ആവശ്യം.