LiveTV

Live

Kerala

കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ പതിനാലാം ദിവസത്തിലേക്ക്

ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല

 കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ പതിനാലാം ദിവസത്തിലേക്ക്

നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പതിനാലാം ദിവസത്തിലേക്ക്. ഇന്നലെ നടത്തിയ തെരച്ചിലിൽ ആരെയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതുവരെ മണ്ണിടിച്ചലിൽ മരിച്ചവരുടെ എണ്ണം 48 ആയി.

മണ്ണിടിച്ചിലിൽ ഉണ്ടായ കവളപ്പാറയിൽ ഇനി 11 പേരെയാണ് കണ്ടെത്താനുള്ളത്. എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തക്കരുടെയും നേതൃത്വത്തിലാണ് ഇവർക്കായുള്ള തെരച്ചിൽ. ജി.പി.ആർ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ മുന്നോട്ട് പോകുന്നത്. ഇനി കണ്ടെത്താനുള്ളവർക്കായി ദൗത്യസഘം തയ്യാറാക്കിയ പ്രത്യേക മാപ്പിന്റെ അടിസ്ഥാനമാക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ജില്ലയിൽ ഇന്നും യെല്ലോ അലർട്ട് നിലനിൽക്കുന്നതിനാൽ മഴക്കുള്ള സാധ്യതയുണ്ട്. ഇത് തെരച്ചിലിനെ ഒരു പക്ഷെ പ്രതികൂലമായി ബാധിച്ചേക്കും. കവളപ്പറയിലും വിള്ളൽ കണ്ടെത്തിയ സമീപ പ്രദേശങ്ങളിലും നിലമ്പൂർ താലുക്കിലെ ദുരന്തബാധിത മേഖലകളിലും ജിയോളജി സംഘം ഇന്ന് പരിശോധന നടത്തിയേക്കും. കവളപ്പാറയിൽ നേരത്തെ തോടുണ്ടായിരുന്ന സ്ഥലത്തായിരുന്നു ഇന്നലെ തെരച്ചിൽ നടന്നത്. പ്രദേശത്തെ വെള്ളം പമ്പ് ചെയ്ത് നീക്കിയായിരുന്നു തെരച്ചിൽ. എന്നാൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല.

സണ്‍റൈസ് വാലിയിലും തെരച്ചില്‍ നടത്തും

വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്ന് സണ്‍റൈസ് വാലിയിലും തെരച്ചില്‍ നടത്തും. ഏലവയല്‍ പുഴയോരത്ത് കഴിഞ്ഞ രണ്ട് ദിവസത്തെ തെരച്ചിലില്‍ ആരെയും കണ്ടെത്താനായിരുന്നില്ല. ഇതുവരെ 12 മൃതദേഹം കണ്ടെടുത്തെങ്കിലും ഇനിയും 5 പേരെ ഇവിടെ നിന്നും കണ്ടെത്താനുണ്ട്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 15 ആയി കുറയുകയും ചെയ്തു.

പുത്തുമലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തം കഴിഞ്ഞ് 2 ആഴ്ചയോടടുക്കുമ്പോഴും തെരച്ചില്‍ തുടരുകയാണ്. ഏലവയല്‍ പുഴയ്ക്ക് താഴെ‍ മൂപ്പൈനാട് പഞ്ചായത്തിലെ സണ്‍റൈസ് വാലിയില്‍ കൂടി 14 ാം ദിവസം തെരച്ചില്‍ നടത്തും . സൂചിപ്പാറക്ക് സമീപത്ത് നിന്നും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തെ. തെരച്ചില്‍ വിഫലമാവുകയായിരുന്നു. മണ്ണ് മൂടിക്കിടക്കുന്ന പുത്തുമല പച്ചക്കാട് പ്രദേശങ്ങളില്‍ നേരത്തെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടന്നിരുന്ന തെരച്ചിലും നിര്‍ത്തിവെച്ചിരിക്കുന്നു. ഇതിനകം 12 മൃതദേഹം കണ്ടെടുത്തെങ്കിലും ഇനി 5 പേരെ കൂടി കണ്ടെത്താനുണ്ട്.

പുത്തുമലയ്ക്കപ്പുറം ചൂരല്‍മല പ്രദേശത്തേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിക്കുകയും വൈദ്യുതി ഭാഗികമായി പുനസ്ഥാപിക്കുകയും ചെയ്തു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലധികവും അവസാനിപ്പിച്ചു. ഇനി 15 ക്യാമ്പുകളിലായി 249 കുടുംബങ്ങള്‍ മാത്രമാണുള്ളത്.765 പേരാണ് ആകെ ക്യാമ്പുകളില്‍ കഴിയുന്നത്. പുത്തുമലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ താമസിച്ചിരുന്ന മേപ്പാടി ഗവണ്‍മെന്റ് ഹൈസ്കൂളിലെ ക്യാമ്പ് അവസാനിപ്പിച്ച് ഇവരെ വെള്ളാര്‍മല വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട് 37 കുടുംബങ്ങളാണ് ഇവിടെയുള്ളത്.