LiveTV

Live

Kerala

മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശം

നേതാക്കള്‍ ആക്ഷപത്തിന് അതീതരാവണം. നേതാക്കളും അവരുടെ പശ്ഛാത്തലവും സംശയത്തിന് ഇടനല്‍കരുത്.

മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശം

മന്ത്രിമാര്‍ക്കെതിരേയും പൊലീസിനെതിരേയും പാര്‍ട്ടി നേതൃത്വത്തിനെതിരേയും സി.പി.എം സംസ്ഥാനസമിതിയില്‍ രൂക്ഷ വിമര്‍ശനം. പൊലീസിലെ ഒരു വിഭാഗം ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കി സര്‍ക്കാരിന് മോശമാക്കാന്‍ ശ്രമിക്കുന്നു, സി.പി.എം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണ്, നേതാക്കളും അവരുടെ പശ്ചാത്തലവും സംശയത്തിന് അതീതരാവണം തുടങ്ങിയ വിമര്‍ശനങ്ങള്‍ സംസ്ഥാന സമിതിയിലുണ്ടായി. തെറ്റ് തിരുത്തല്‍ രേഖയിന്മേലുള്ള ചര്‍ച്ച നാളെ അവസാനിക്കും.

തെറ്റുതിരുത്തല്‍ രേഖയിന്മേല്‍ സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്. പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിന് മോശമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബോധപൂര്‍വ്വം വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ഇവരുടെ ശ്രമം, സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും വിവാദങ്ങള്‍ പ്രതിഛായയെ ബാധിക്കുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. മന്ത്രിമാര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

പ്രവര്‍ത്തര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല, പ്രവര്‍ത്തകരെ കണ്ടാല്‍ ഫോണെടുത്ത് ചെവിയില്‍ വെയ്ക്കുന്ന മന്ത്രിമാരുണ്ടെന്നും ചില അംഗങ്ങള്‍ പരിഹസിച്ചു. ഭരണപരമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ഇത്തരത്തില്‍ വിമര്‍ശനമുണ്ടായത്. സംഘടനാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ നേതാക്കള്‍ക്കെതിരേയും യോഗത്തില്‍ വിമര്‍ശനമുണ്ടായി.

നേതാക്കള്‍ ആക്ഷപത്തിന് അതീതരാവണം. നേതാക്കളും അവരുടെ പശ്ഛാത്തലവും സംശയത്തിന് ഇടനല്‍കരുത്. നേതാക്കള്‍ക്ക് ആര്‍ഭാടവും ആഡംബരവും പാടില്ലെന്നും ചില അംഗങ്ങള്‍ പറഞ്ഞു. പിരിവ് നിയന്ത്രിക്കണമെന്നാവശ്യം യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പാര്‍ട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിക്കുന്നതും ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.

കേരളത്തില്‍ സി.പി.എമ്മിനെ ബി.ജെ.പിക്ക് രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തത് കൊണ്ട് ഭരണപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന മുന്നറിയിപ്പും ചില അംഗങ്ങള്‍ നല്‍കി. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാനസമിതിയില്‍ പ്രശംസയുണ്ടായി. പല വിഷയങ്ങളിലും കൃത്യമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെ ബാധിക്കുന്നത് മാധ്യമ വാര്‍ത്തകളാണ്. മാധ്യമങ്ങള്‍ ഇപ്പോഴും പിണറായിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ അവതരിപ്പിച്ച കരട് രേഖയില്‍ ചില ഭേഗഗതികള്‍ ഉണ്ടാകും. രാവിലെ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നായിരിക്കും രേഖയില്‍ ഭേദഗതി വരുത്തുന്നത്. തുടര്‍ന്ന് സംസ്ഥാനസമിതി തെറ്റുതിരുത്തല്‍ രേഖ അംഗീകരിക്കും.