LiveTV

Live

Kerala

വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം

പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം ഉണ്ടാകരുത് 

 വീടുകളിൽ നിന്ന് നിർബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എം

വീടുകളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് സി.പി.എമ്മിന്‍റെ തെറ്റ് തിരുത്തല്‍ രേഖ. പിരിവ് തരാത്തവരെ വെറുപ്പിക്കുന്ന സമീപനം നേതാക്കളില്‍ നിന്ന് ഉണ്ടാകരുത്. ഇത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്നുവെന്നും രേഖയില്‍ പറയുന്നു. അതേസമയം തെറ്റ് തിരുത്തല്‍ പാര്‍ട്ടിയുടെ മുകള്‍തട്ടില്‍ നിന്ന് തുടങ്ങണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.

ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വി മറികടന്ന് ജനവിശ്വാസം തിരിച്ച് പിടിക്കാനുള്ള തെറ്റ് തിരുത്തല്‍ രേഖയിലാണ് പാര്‍ട്ടി പിരിവ് സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്. വീടുകളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് പാടില്ല. പണം തരാത്തവരോട് മോശമായി പെരുമാറാനും രാഷ്ട്രീയമായി ഉപദ്രവിക്കാനും പാടില്ല. ഇത് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുകയും അണികളെ അകറ്റുകയും ചെയ്യും. അതുകൊണ്ട് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് തെറ്റ് തിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്.

അതേസമയം തെറ്റ് തിരുത്തല്‍ പാര്‍ട്ടിയുടെ മേല്‍തട്ടില്‍ നിന്ന് തന്നെ തുടങ്ങണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്ന് വന്നു. തോല്‍വികളും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ പ്രാദേശിക ഘടകങ്ങളേയും കീഴ് ഘടകങ്ങളേയും മാത്രം കുറ്റപ്പെടുത്തുന്ന രീതി ശരിയല്ല. നേതൃതലത്തില്‍ നിന്ന് മാതൃകാപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരെ ഒതുക്കരുത്, ജനങ്ങളോട് പുച്ഛത്തോട് കൂടി പെരുമാറരുത് തുടങ്ങിയ അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്ന് വന്നിരുന്നു. തെറ്റ് തിരുത്തല്‍ രേഖയിന്മേലുള്ള ചര്‍ച്ച സംസ്ഥാന കമ്മിറ്റിയില്‍ തുടരുകയാണ്. നാളെ അവസാനിക്കുന്ന സംസ്ഥാന കമ്മിറ്റി തെറ്റ് തിരുത്തല്‍ രേഖ അംഗീകരിക്കും.