LiveTV

Live

Kerala

തുഷാറിന്‍റെ അറസ്റ്റ്: സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

നിയമത്തിനുള്ളില്‍ നിന്ന് ആവശ്യമായ സഹായം ചെയ്യണമെന്നും അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി

തുഷാറിന്‍റെ അറസ്റ്റ്: സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു

വണ്ടിചെക്ക് കേസില്‍ യു.എ.ഇയില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി ശ്രമം തുടരുന്നു. പ്രശ്നത്തില്‍ ഇടപടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. നിയമത്തിനുള്ളില്‍ നിന്ന് ആവശ്യമായ സഹായം ചെയ്യണമെന്നും അറസ്റ്റിലായ തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. വ്യക്തിപരമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഒരു കോടി ദിര്‍ഹമിന്റെ വണ്ടിചെക്ക് നല്‍കി തൃശൂര്‍ സ്വദേശിയെ കബളിപ്പിച്ചു എന്ന കേസിലാണ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം അജ്മാനില്‍ അറസ്റ്റിലായത്. 10 വര്‍ഷം മുന്‍പ് നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനി നടത്തിപ്പുകാരന്‍ നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു നടപടി. തുക കൊടുത്ത് തീര്‍ത്ത് കേസ് ഒത്തുതീര്‍പ്പാക്കാനും ജാമ്യം കെട്ടിവെച്ച് പുറത്തിറങ്ങാനുമുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നാല്‍, ഒത്തുതീര്‍പ്പിന് പരാതിക്കാരന്‍ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. യു.എ.ഇയിലുള്ള തുഷാറിന്റെ അമ്മാവന്റെ നേതൃത്വത്തിലാണ് ഒത്തുതീര്‍പ്പ് ശ്രമം നടന്നത്.

ഇന്ന് വിടുതല്‍ സാധ്യമായില്ലെങ്കില്‍ അടുത്ത രണ്ട് ദിവസം യു.എ.ഇയില്‍ വാരാന്ത്യ അവധിയാണ്. ഈ ദിവസങ്ങളില്‍ തുഷാറിന് ജയിലില്‍ കഴിയേണ്ടി വരും.

Also read: വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍