LiveTV

Live

Kerala

എ.എസ്.ഐയുടെ ആത്മഹത്യ: എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

എസ്.ഐ ആര്‍ രാജേഷിനെ കോട്ടയം എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു.

എ.എസ്.ഐയുടെ ആത്മഹത്യ: എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

ആലുവ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. എസ്.ഐ ആര്‍ രാജേഷിനെ കോട്ടയം എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് എസ്.പി ഉള്‍പ്പെടെയുള്ളവരെ നാട്ടുകാര്‍ ഉപരോധിച്ചു.

എ.എസ്.ഐ ബാബുവിന്‍റെ ആത്മഹത്യ എസ്.ഐയുടെ മാനസിക പീഡനം മൂലമാണെന്ന് കാണിച്ച് സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും സാഹചര്യങ്ങളും എറണാകുളം റേഞ്ച് ഐ.ജിയും മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈംബാഞ്ച് ഡി.വൈ.എസ്.പിയും അന്വേഷിക്കാനായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. അന്വേഷണത്തിലെ ആദ്യ നടപടിയെന്നോണമാണ് എസ്.ഐ രാജേഷിനെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍‌ ഈ നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. ആലുവ - പെരുമ്പാവൂര്‍ റോഡ് നാട്ടുകാര്‍ ഒരു മണിക്കൂറോളം ഉപരോധിച്ചു.

എസ്.ഐക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.ഐ.ജി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചതോടെയാണ് ഉപരോധം അവസാനിച്ചത്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആലുവയിലെ എന്‍.എസ്.എസ് ശ്മശാനത്തില്‍ എ.എസ്.ഐ ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് തടിയിട്ടപറമ്പ് സ്റ്റേഷനില്‍ എസ്.ഐ രാജേഷ് ചുമതലയേറ്റത്. പൊതുജനങ്ങളുടെ മുന്നില്‍ വെച്ചും മരിച്ച ബാബുവിനോട് മോശമായി എസ്.ഐ പെരുമാറിയിരുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് ബാബു സ്ഥലം മാറ്റത്തിന് അപേക്ഷയും നല്‍കിയിരുന്നു. എസ്.ഐയ്ക്കെതിരെ സഹപ്രവര്‍ത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ചാണ് എ.എസ്.ഐ ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് ആരോപണം.