LiveTV

Live

Kerala

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്ക് രോഗികളെ വാടകയ്ക്ക് ഇറക്കിയ എസ്.ആര്‍ കോളജില്‍ വിജിലന്‍സ് പരിശോധന

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനക്ക് രോഗികളെ വാടകയ്ക്ക് ഇറക്കിയ എസ്.ആര്‍ കോളജില്‍ വിജിലന്‍സ് പരിശോധന

മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരിശോധനക്ക് വാടകയ്ക്ക് രോഗികളെ ഇറക്കിയതിലൂടെ വിവാദമായ വര്‍ക്കല എസ്.ആര്‍ കോളജില്‍ വിജിലന്‍സ് പരിശോധന. കോളജിലെ അപാകതകളെയും അപര്യാപ്തതകളെയും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വിജിലന്‍സ് കോളജ് മാനേജ്മെന്‍റിന് നല്‍കി.

അധ്യാപകരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിനെതിരെ വിജിലന്‍സ് ഡയറക്ര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സിന്‍റെ തിരുവനന്തപുരത്തെ പ്രത്യേക സംഘം രണ്ടാണ് പരിശോധനക്കെത്തിയത്. സി.ഐ ജയചന്ദ്രന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കോളജിന്‍റെ അപാകതകള്‍ വിജിലന്‍സ് സംഘത്തിന് നേരിട്ട് ബോധ്യമായി. അടിസ്ഥാന സൗകര്യങ്ങള്‍, ക്ലിനിക്കല്‍ സംവിധാനങ്ങള്‍, അധ്യാപകര്‍, രോഗികള്‍ തുടങ്ങി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ പരിശോധനയാണ് നടന്നത്. മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച രേഖകളും കോളജ് അധികൃതരോട് വിജിലന്‍സ് സംഘം ആവശ്യപ്പെട്ടു. ചില രേഖകള്‍ നല്‍കിയെങ്കിലും മറ്റു ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. നാളെ വൈകിട്ടോടെ രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാണ് വിജിലന്‍സ് സംഘം കോളജില്‍ നിന്ന് മടങ്ങിയത്. രേഖകള്‍ കൂടി കിട്ടിയ ശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരോഗ്യ സര്‍വകലാശാല സംഘവും കഴിഞ്ഞ ആഴ്ച്ച കോളജിലെത്തി പരിശോധന നടത്തിയിരുന്നു. അടുത്ത ആഴ്ച്ച സര്‍വകലാശാലാ സംഘവും പരിശോധനക്ക് വരും. ഇതിനിടെ മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരിശോധന വൈകുന്നതിന്‍റെ ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും.