LiveTV

Live

Kerala

കോക്കോകോള കമ്പനി പ്ലാച്ചിമടയില്‍ പുതിയ പദ്ധതി തുടങ്ങാനുള്ള നീക്കം പാളുന്നു

നഷ്ടപരിഹാരം നല്‍കാതെ പുതിയ പദ്ധതി അനുവദിക്കരുതെന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു 

കോക്കോകോള കമ്പനി പ്ലാച്ചിമടയില്‍ പുതിയ പദ്ധതി തുടങ്ങാനുള്ള നീക്കം പാളുന്നു

കോക്കോകോള കമ്പനി പ്ലാച്ചിമടയില്‍ പുതിയ പദ്ധതി തുടങ്ങാനുള്ള നീക്കം പാളുന്നു. നഷ്ടപരിഹാരം നല്‍കാതെ പുതിയ പദ്ധതി അനുവദിക്കരുതെന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കുടുംബശ്രീയുമായി സഹകരിച്ച് കൃഷി ആരംഭിക്കാനും ആശുപത്രി തുടങ്ങാനും അനുമതി തേടിയാണ് കോള കമ്പനി സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചത്.

ശക്തമായ ജനകീയ സമരത്തിനൊടുവിലാണ് കോക്കോകോള കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പ്ലാച്ചിമടയിലെ വെള്ളം,കൃഷി പരിസ്ഥിതി തുടങ്ങിയവയിലെ നാശനഷ്ടത്തിന് പരിഹാരമായി 216 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ തീരുമാനം നടപ്പിലാക്കും മുന്‍പാണ് കമ്പനി പുതിയ പദ്ധതി അവതരിപ്പിച്ചത്. കുടുംബശ്രീയുടെ ഫണ്ട് ഉപയോഗിച്ച് കൃഷി ആരംഭിക്കാനും ആശുപത്രി തുടങ്ങാനും അനുമതി തേടിയാണ് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയെ ചുമതലപ്പെടുത്തി. പ്ലാച്ചിമടക്ക് സമീപത്തുള്ള 4 പഞ്ചായത്തുകളിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് പുതിയ പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന തീരുമാനം എടുത്തത്.

പ്രാദേശികമായി എടുത്ത തീരുമാനം റിപ്പോര്‍ട്ടാക്കി സംസ്ഥാന സര്‍ക്കാറിനെ സമര്‍പ്പിക്കും. പ്രാദേശിക വികാരം മറികടന്ന് കോക്കകോള കമ്പനിക്ക് അനുകൂലമായ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കാനുള്ള സാധ്യത കുറവാണ്.