LiveTV

Live

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി

പാരിസ്ഥിതിക ആശങ്കകള്‍ രാഷ്ട്രീയ-മത പരിഗണനകള്‍ക്ക് മേലെയാവണമെന്ന് സമിതി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി

ഗാഡ്ഗില്‍ കമ്മിറ്റിയുടെയും ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെയും റിപ്പോര്‍ട്ടുകളിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പാരിസ്ഥിതിക ആശങ്കകള്‍ രാഷ്ട്രീയ-മത പരിഗണനകള്‍ക്ക് മേലെയാവണം. വയല്‍-തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കാനുളള ആര്‍ജ്ജവം സര്‍ക്കാരിന് ഉണ്ടാവണമെന്നുമാണ് മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു

ഭൂമിയുടെ സ്വാഭാവിക പ്രവര്‍ത്തനത്തിന്റെ ക്രമം മാറ്റിമറിക്കുന്ന തരത്തില്‍ മനുഷ്യര്‍ നടത്തുന്ന ഇടപെടലുകളാണ് പ്രളയത്തിന് കാരണമാകുന്നതെന്നാണ് 2018ലെ പ്രളയത്തിന്റെ പാരിസ്ഥിതികാഘാതം സംബന്ധിച്ച നിയമസഭാ സമിതിയുടെ പ്രധാന കണ്ടെത്തല്‍. ഇതിനായി 40 നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വെക്കുന്നത്. പശ്ചിമ ഘട്ടത്തില്‍ ഉള്‍പ്പെടെ 458 കിലോമീറ്റര്‍ ദൂരത്തില്‍ കേരളത്തില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാറിയ സാഹചര്യത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെയും ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലെയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. വയല്‍-തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാറ - മണല്‍ തുടങ്ങിയവയുടെ ഖനനത്തിന്‍റെ അളവ്, ഖനന പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച് നിയമം മൂലം വ്യവസ്ഥ ചെയ്യണം. സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലുളള വീട് നിര്‍മാണത്തിനും വിനോദ സഞ്ചാര നയത്തിനും രൂപം നല്‍കണം. ഡിജിറ്റല്‍ മാപ്പിങ് നടത്തി സംസ്ഥാനത്തെ കുളങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും സ്ഥിരമായി വെളളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്ഥിരം പുനരധിവാസ സംവിധാനമൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.