LiveTV

Live

Kerala

കെ.പി.സി.സി പുനസംഘടന:  പ്രതിസന്ധിയില്ലെന്ന് കോൺഗ്രസ് നേതൃത്വം

എല്ലാവരുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും കെ മുരളീധരൻ പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

കെ.പി.സി.സി പുനസംഘടന:  പ്രതിസന്ധിയില്ലെന്ന് കോൺഗ്രസ് നേതൃത്വം

കെ.പി.സി.സി പുനസംഘടന സംബന്ധിച്ചുള്ള തർക്കങ്ങള്‍ തള്ളി കോൺഗ്രസ് നേതൃത്വം. പുനസംഘടനാ പ്രതിസന്ധിയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി പറഞ്ഞു. എല്ലാവരുമായും ചർച്ചകൾ നടത്തുന്നുണ്ടെന്നും കെ മുരളീധരൻ പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.

പുനഃസംഘടന സംബന്ധിച്ച് പാർട്ടിക്കകത്ത് കൂട്ടായ ആലോചനകൾ നടക്കുന്നില്ലെന്ന് കെ മുരളീധരന്റ വിമർശത്തെ തള്ളുകയാണ് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുരളി കത്ത് നൽകിയതായി അംഗീകരിക്കുന്നുണ്ടെങ്കിലും അതിൻറെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ മുല്ലപ്പള്ളി തയാറായില്ല. പാർട്ടിയുടെ ആഭ്യന്തര പ്രശ്നത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ആൻറണി പുനസംഘടന വേഗത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.

എം.എൽ.എമാരെ കെ.പി.സി.സി ഭാരവാഹികൾ ആക്കാനുള്ള കോൺഗ്രസിലെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്‍റെ നീക്കമാണ് സംഘടനാ ചർച്ചകളെ അനിശ്ചിതത്തിൽ ആക്കിയത്. സംഘടന ചർച്ചകളിലെ അതൃപ്തി വ്യക്തമാക്കി കെ മുരളീധരൻ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്ത് വന്നിരുന്നു.