LiveTV

Live

Kerala

കവളപ്പാറയില്‍ രണ്ട് പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹം കണ്ടെത്തി

മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

 കവളപ്പാറയില്‍ രണ്ട് പേരുടെയും പുത്തുമലയില്‍ ഒരാളുടെയും മൃതദേഹം കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂർ കവളപ്പാറയിലും വയനാട് പുത്തുമലയിലും തെരച്ചിൽ തുടരുന്നു. കവളപ്പാറയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 48 ആയി. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ കവളപ്പാറയിലെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

കവളപ്പാറയിലെ മണ്ണിടിച്ചിലിൽ ഇനി കണ്ടെത്താനുള്ളവർക്കായി പ്രത്യേക മാപ്പ് തയ്യാറാക്കിയായിരുന്നു ഇന്നത്തെ തെരച്ചിൽ. ആ മേഖല കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിക്കുമ്പോൾ ആകെ മരണം 48 ആയി. ഇനി കണ്ടെത്താനുള്ള 11 പേരെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

മലപ്പുറം ജില്ലയിൽ യെല്ലോ അലർട്ട് നിൽക്കുന്ന സാഹചര്യത്തിൽ മഴ പെയ്യുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുത്തുമലയിലും തെരച്ചിൽ 12ആം ദിവസത്തിലേക്ക് കടന്നു. ഇന്ന് ഒരു മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ കൂടി കണ്ടെത്തി. പ്രദേശത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്. ഏലവയൽ, സൂചിപ്പാറ പ്രദേശങ്ങളിലെ പുഴയോട് ചേർന്ന സ്ഥലങ്ങളിലാണ് ഇന്ന് തെരച്ചിൽ കേന്ദ്രീകരിച്ചിരുന്നത്.