LiveTV

Live

Kerala

പൊലീസിന്റെ വീഴ്ചകള്‍ ഭരണ നേട്ടങ്ങളെ ബാധിക്കുന്നു: സി.പി.എം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ തിരിച്ചടിയുണ്ടാക്കുന്നുണ്ടെന്നും വിമര്‍ശനം

പൊലീസിന്റെ വീഴ്ചകള്‍ ഭരണ നേട്ടങ്ങളെ ബാധിക്കുന്നു: സി.പി.എം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഭരണ നേട്ടങ്ങളെ ബാധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതാണെങ്കിലും തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ തിരിച്ചടിയുണ്ടാക്കുന്നുണ്ട്. ഭരണനേട്ടം രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കഴിയുന്നില്ലെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കാനാവശ്യമായ തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ മിക്കതും നടപ്പാക്കി. എന്നാല്‍ സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണങ്ങളില്‍ ഒന്ന് ഇതാണ്. പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നതിന് തടസ്സമാകുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് അതിലായിരിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും സെക്രട്ടറിയേറ്റില്‍ നിര്‍ദ്ദേശമുണ്ടായി.

മൂന്ന് ദിവസം നീണ്ട് നിന്ന് സെക്രട്ടറിയേറ്റ് യോഗം ഇന്ന് അവസാനിക്കും. നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റി ചേരും. സെക്രട്ടറിയേറ്റിലുണ്ടായ വിമര്‍ശനങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലുമുണ്ടാകാന്‍ സാധ്യതയുണ്ട്.