LiveTV

Live

Kerala

പൊലീസുകാരന്‍റെ മരണം: മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍

ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസുകാരന്‍റെ മരണം: മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റില്‍

പാലക്കാട് എ.ആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയിൽ മുൻ ഡെപ്യൂട്ടി കമാന്‍ഡന്‍റ് അറസ്റ്റിൽ. കല്ലേക്കാട് എ.ആർ ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് ആയിരുന്ന എൽ സുരേന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

കുമാറിന്റെ ആത്മഹത്യയിൽ അറസ്റ്റ് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭാര്യ സജിനി എസ്.പി ശിവ വിക്രമിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കല്ലേക്കാട് എ.ആർ ക്യാമ്പിലെ മുൻഡെപ്യൂട്ടി കമാന്‍ഡന്‍റ് എൽ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്. ആത്മഹത്യ പ്രേരണ കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും ക്യാമ്പിൽ നഗ്നനാക്കി മർദ്ദിച്ചെന്നും കുമാർ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മറ്റ് പൊലീസുകാരെ കൂടി ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു.

ഇടത് അനുകൂല പൊലീസ് അസോസിയേഷന്റെ അടക്കം എതിർപ്പ് മറികടന്നുള്ള അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന. അറസ്റ്റിലായ എൽ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും. നിലവിൽ 7 പൊലീസുകാരാണ് സസ്പെൻഷനിലുള്ളത്. ഇതിൽ മൂന്ന് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.