LiveTV

Live

Kerala

സി.പി.ഐ മാർച്ചിലെ സംഘർഷം; ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

സി.പി.ഐ മാർച്ചിലെ സംഘർഷം; ഒരു സി.പി.ഐ പ്രവർത്തകൻ അറസ്റ്റിൽ

എറണാകുളം ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ അക്രമസംഭവത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുപ്പിക്കാനാണ് സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ശ്രമം. ഇതോടെ എറണാകുളത്ത് സി.പി.ഐയും പൊലീസും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എ.സി.പി ലാൽജിയെ മർദ്ദിച്ച കേസിലാണ് ഇന്നലെ സി.പി.ഐ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ വിപിന്‍ ദാസിനെതിരെ നടപടിയെടുത്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ്. എസ്.ഐയെ സസ്പെന്റ് ചെയ്തത് നേട്ടമായി കണ്ട സിപിഐ ജില്ലാനേതൃത്വം ഇതോടെ പ്രതിരോധത്തിലായി. ഭരണത്തില്‍ പാര്‍ട്ടി പങ്കാളിത്തം വഹിക്കുമ്പോള്‍ പോലും പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അറസ്റ്റ് തുടര്‍ന്നാല്‍ പ്രത്യക്ഷ സമരപരിപാടികളടക്കം ആസൂത്രണം ചെയ്യാനാണ് ജില്ലാനേതൃത്വത്തിന്റെ തീരുമാനം.