LiveTV

Live

Kerala

കണ്ണൂരിലെ മലയോര മേഖലകളില്‍ പിടിമുറുക്കി ക്വാറി മാഫിയ; അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 250ലേറെ ക്വാറികള്‍

68 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലയില്‍ അനുമതിയുളളത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ നാനൂറിലധികവും

കണ്ണൂരിലെ മലയോര മേഖലകളില്‍ പിടിമുറുക്കി ക്വാറി മാഫിയ; അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 250ലേറെ ക്വാറികള്‍

കണ്ണൂര്‍ ജില്ലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിൽ പിടി മുറുക്കി ക്വാറി മാഫിയ. വനാതിര്‍ത്തികളിലടക്കം അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറ്റി അന്‍പതിലേറെ കരിങ്കല്‍ ക്വാറികള്‍. ഈ പ്രളയകാലത്തുണ്ടായ ഉരുള്‍പൊട്ടലുകളില്‍ ഏറെയും ക്വാറികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് അവഗണിച്ച് ക്വാറികള്‍ക്ക് അനുമതി നല്‍കിയത് ദുരന്തത്തിന് ആക്കം കൂട്ടി.

കണ്ണൂര്‍ ജില്ലയിലെ തൃപ്പങ്ങോട്ടൂര്‍ എന്ന മലയോര ഗ്രാമത്തില്‍ നിന്നുളള കാഴ്ചയാണിത്. പ്രവര്‍ത്തനാനുമതിയുളളത് ഏഴ് ക്വാറികള്‍ക്ക്. എന്നാല്‍ ഇവിടെ നിലവില്‍ പ്രവര്‍ത്തിക്കുന്നത് എഴുപതോളം ക്വാറികള്‍. ഈ പ്രളയകാലത്ത് നാലിടത്താണ് ഇവിടെ ഉരുള്‍പൊട്ടിയത്.നാലും ക്വാറികള്‍ക്ക് സമീപം. മൂന്നാം കുന്ന്,നരിയന്‍പാറ,മേലോരം തട്ട്,പാത്തന്‍പാറ,മുന്നൂര്‍കൊച്ചി,പുല്ലുവനം,മഞ്ഞുമല,കൊട്ടിയൂര്‍...അങ്ങനെ ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിച്ച പതിനാറോളം ഇടങ്ങളില്‍ ഇത്തവണ ഉരുള്‍പൊട്ടി.

68 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം ജില്ലയില്‍ അനുമതിയുളളത്. എന്നാല്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ നാനൂറിലധികവും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇനിയൊരു പ്രളയകാലത്തെ കൂടി അതിജീവിക്കാന്‍ ജില്ലയിലെ മലയോര മേഖലക്ക് കഴിയുമോ എന്ന ചോദ്യം കൂടിയാണ് ഈ പ്രളയം ബാക്കിവെക്കുന്നത്.