LiveTV

Live

Kerala

പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു; ഇനി കണ്ടെത്താനുള്ളത് ആറു പേരുടെ മൃതദേഹങ്ങള്‍ 

ദുരന്തമുണ്ടായ പുത്തുമലയില്‍ നിന്ന് എട്ടു കിലോമീറ്ററോളം അകലെ നിന്നാണ് ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയത്.

പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു; ഇനി കണ്ടെത്താനുള്ളത് ആറു പേരുടെ മൃതദേഹങ്ങള്‍ 

ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതൊടെ ഇവിടെ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം പതിനൊന്നായി. ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്. ദുരന്തമുണ്ടായ പുത്തുമലയില്‍ നിന്ന് എട്ടു കിലോമീറ്ററോളം അകലെ നിന്നാണ് ഇന്ന് ഒരു മൃതദേഹം കണ്ടെത്തിയത്. പുത്തുമല സ്വദേശി അണ്ണൈയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തായി, ഏലമലയിലെ, പാറയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴു ദിവസമായി തുടരുന്ന തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പുത്തുമലയിലും പാലത്തിന്റ താഴ്ഭാഗത്തുമായിരുന്നു രക്ഷാപ്രവര്‍ത്തനം. ചൂരല്‍മലയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. പുത്തുമലയില്‍ നിന്ന് ഉരുള്‍പൊട്ടിയ വെള്ളം ഒഴുകിയ വഴികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തിരച്ചില്‍ നടത്തിയത്.

ഏലമലയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് അഗ്നിശമന സേനയെയും പൊലീസിനെയും എന്‍.ഡി.ആര്‍എഫിനെയും വിവരം അറിയിക്കുകയായിരുന്നു. ചെങ്കുത്തായ പാറയിടുക്കില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖം പുഴുവരിച്ച് വികൃതമായി അഴുകിയ നിലയിലായിരുന്നു. വളരെ പണിപെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പാറയിടുക്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷം പാറ, തള്ളിമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. പുത്തുമലയില്‍ നടത്തുന്ന തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി.

കിലോമീറ്ററുകള്‍ അകലെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ അവിടേയ്ക്ക് കൂടി തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. നാളെ റഡാര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തിരച്ചില്‍ നടത്തുക.