LiveTV

Live

Kerala

കെ.പി.സി.സി പുനസംഘടന; ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം 

എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികള്‍ ആക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം.

കെ.പി.സി.സി  പുനസംഘടന; ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം 

കെ.പി.സി.സി പുനസംഘടനയെചൊല്ലി ഐ ഗ്രൂപ്പില്‍ ഭിന്നത രൂക്ഷം. എം.പിമാരെയും എം.എല്‍.എമാരെയും ഭാരവാഹിയാക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം എം.എല്‍.എമാര്‍ക്കായി വാദിക്കുകയാണ്. ഗ്രൂപ്പിലെ ആഭ്യന്തര തര്‍ക്കം രമേശ് ചെന്നിത്തലയെയും സമ്മര്‍ദത്തിലാക്കി.

കെ.പി.സി.സി പുനസംഘടനാ ചര്‍ച്ചയിലെ പ്രധാന മാനദണ്ഡമായി ഉയര്‍ന്നത് ഒരാള്‍ക്ക് ഒരു പദവി എന്നതാണ്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ മാനദണ്ഡം പാലിക്കണമെന്ന് വാദിക്കുന്നു. ഈ മാനദണ്ഡം അംഗീകരിച്ച, എ ഗ്രൂപ്പ് എം.പിമാരെയം എം.എല്‍.എമാരെയും ഒഴിവാക്കിയാണ് ഗ്രൂപ്പിന്‍റെ ഭാരവാഹി സാധ്യതാപട്ടിക തയാറാക്കിയത്. എന്നാല്‍ ഐ ഗ്രൂപ്പില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഈ വിഷയം ഇപ്പോള്‍ ഐ ഗ്രൂപ്പിലെ ആഭ്യന്തര തര്‍ക്കമായി വളരുകയും ചെയ്തു.

നിലവിലുള്ള ഭാരവാഹികളെ കൂടാതെ ഏതാനും എം.എല്‍.എമാരെക്കൂടി കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരാന്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നിലകൊള്ളുന്നതാണ് തര്‍ക്കത്തിന് കാരണം. ഐ ഗ്രൂപ്പിലെ കോര്‍ ഗ്രൂപ്പ് ഏറെക്കുറെ ഈ വിഷയത്തില്‍ രണ്ട് ചേരിയായി. അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്തും കോഴിക്കോടും ചേരാന്‍ തീരുമാനിച്ച ഐ ഗ്രൂപ്പ് കോര്‍ ഗ്രൂപ്പ് മീറ്റിങ് ചേരാന്‍ കഴിഞ്ഞില്ല. എം.എല്‍.എമാരെ ഉള്‍പ്പെടുത്തിയാല്‍ പുറത്തുപോകേണ്ടി വരുന്ന കെ.പി.സി.സി ഭാരവാഹികള്‍ അമര്‍ഷത്തിലാണ്.

കെ.പി.സി.സി ഭാരവാഹിയായി ഏറെക്കാലം കഴിഞ്ഞ ചിലരെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെയും പരാതിയുണ്ട്. തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ എം.എല്‍.എമാരെ ഭാരവാഹികളാക്കുന്നതുകൊണ്ട് ഗുണം ചെയ്യില്ലെന്ന നിലപാടും കെ.പി.സി.സി നേതൃത്വത്തിനുണ്ട്. എം.എല്‍.എമാരുടെ സമ്മര്‍ദ്ദം ഉള്ളതിനാല്‍ ഐ ഗ്രൂപ്പ് നേതാവ് കൂടിയായ രമേശ് ചെന്നിത്തലക്ക് അന്തിമ തീരുമാനെടുക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.