LiveTV

Live

Kerala

കവളപ്പാറയിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

സൈനികൻ വിഷ്ണുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കവളപ്പാറയിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

മണ്ണിടിച്ചിലുണ്ടായ നിലമ്പൂർ കവളപ്പാറയിൽ നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഇതില്‍ സൈനികൻ വിഷ്ണുവിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. വയനാട് പുത്തുമലയില്‍ ഇന്ന് നടത്തിയ തെരച്ചിലിലും ആരെയും കണ്ടെത്തിയില്ല.

ഒമ്പതാം ദിവസം നടത്തിയ തെരച്ചിലിൽ ഉച്ച വരെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് സൈനികൻ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരനും ബന്ധുക്കളുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതോടെ 40 മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. പ്രളയവും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് ഏറ്റവുമധികം ദുരിതം അനുഭവിച്ച മേഖലയായ നിലമ്പൂരിലെ മുഴുവൻ ദുരിതബാധിതരെയും പുനരധിവിസിപ്പിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ദുരിതബാധിത മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം കവളപ്പാറയിൽ മണ്ണിടിച്ചിലിൽ കണ്ടെത്താനുള്ള 19 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. തെരച്ചിലിനായി ജി.പി.ആർ സംവിധാനം ജില്ലയിൽ എത്തിച്ചു. 6 ശാസ്ത്രജ്ഞരങ്ങുന്ന സംഘം റഡാർ ഉപയോഗിച്ച് നാളെ പരിശോധന നടത്തും. മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താനായി ലഭ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ജി.പി.ആർ സംവിധാനവും എത്തിക്കുന്നത്. ഇതോടെ തെരച്ചിലിന്റെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.