LiveTV

Live

Kerala

എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

മലപ്പുറം, തിരുനാവായ സ്വദേശിയാണ് സുധീര്‍. ആലുവ സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി.

 എ.കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമലയിലെ പുതിയ മേൽശാന്തിയായി തിരുനാവായ അരീക്കര ഇല്ലം എ.കെ. സുധീർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ആലുവ മാടവന ഇല്ലം എം.എസ് പരമേശ്വരൻ നമ്പൂതിരിയാണ് മാളികപ്പുറം പുതിയ മേൽശാന്തി. തെരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാർക്ക് നിലവിലെ തന്ത്രിയുടെയും മേൽശാന്തിമാരുടെയും നേതൃത്വത്തിൽ പരിശീലനം നൽകും.

ഉഷപൂജയ്ക്ക് ശേഷമായിരുന്നു സോപാനത്ത് നറുക്കെടുപ്പ് നടന്നത്. 9 അംഗ മേൽശാന്തി പട്ടികയിൽ നിന്ന് അവസാനമായാണ് സുധീർ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടികളാണ് നറുക്കെടുത്തത്. നിലവിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലെ മേൽശാന്തിയാണ് ഇദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ടത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് സുധീർ നമ്പൂതിരി പറഞ്ഞു.

9 അംഗ പട്ടികയിൽ നിന്ന് അഞ്ചാമത്തെ നറുക്കിലാണ് എം.എസ് പരമേശ്വരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അത്താണി ശ്രീ വീരഹനുമാൻ കോവിലിലെ മേൽശാന്തിയാണ് ഇദ്ദേഹം ആദ്യമായി അപേക്ഷിച്ചപ്പോൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്പെഷ്യൽ കമ്മിഷണറുടേയും ദേവസ്വം ബോർഡ് പ്രസിഡന്റുൾപ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.