LiveTV

Live

Kerala

ശ്രീറാമിനെതിരായ കേസ്: ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്

രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍..

ശ്രീറാമിനെതിരായ കേസ്: ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയും പരാതിക്കാരനെയും പഴിചാരി പൊലീസ് റിപ്പോര്‍ട്ട്. രക്തപരിശോധന നടത്താന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ തര്‍ക്കിച്ചത് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ കോടതി നിരീക്ഷണം ആവശ്യപ്പെട്ടു കൊണ്ട് നേരത്തെ സിറാജ് മാനേജ്മെന്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പൊലീസിനോട് വിശദീകരണം തേടി. ഈ റിപ്പോര്‍ട്ടിലാണ് പൊലീസ് വെള്ളപൂശുന്നത്.

രക്തപരിശോധന നടത്തണമെന്ന് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.ഐ ജയരാജ് ആവശ്യപ്പെട്ടെന്നും എന്നാല്‍ കൃത്യമായ പ്രത്യേക അപേക്ഷ നല്‍കണമെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഈ സമയം പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് പരാതിക്കാരന്‍ വിസമ്മതിച്ച് മൂലമാണെന്നാണ് മറ്റൊരു വിശദീകരണം. പരാതിക്കാരന്റെ ആദ്യത്തെ ആവശ്യം വഫ ഫിറോസിന്റെ മെഡിക്കല്‍ പരിശോധന നടത്തണമെന്നായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പരാതിക്കാരന്‍ തര്‍ക്കിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ഏഴ് മണിക്കൂര്‍ വൈകിയാണ് പരാതിക്കാരന്‍ പരാതി നല്‍കിയത്.

കേസില്‍ എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ കോടതി നിരീക്ഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. അപകടം നടന്നത് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ മാത്രം അകലെയാണെന്നിരിക്കെയാണ് പരാതിക്കാരന് മേല്‍ പഴിചാരി പൊലീസ് വിഷയത്തെ ന്യായീകരിച്ചത്.