LiveTV

Live

Kerala

പാലാരിവട്ടത്ത് പൊലീസിനെ നോക്കുകുത്തിയാക്കി മോഷണം

സംഭവസമയത്ത് നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തിയെങ്കിലും മോഷണമാണ് നടക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

പാലാരിവട്ടത്ത് പൊലീസിനെ നോക്കുകുത്തിയാക്കി മോഷണം

എറണാകുളം പാലാരിവട്ടം ആലിഞ്ചുവടില്‍ പൊലീസിനെ കാവല്‍ക്കാരാക്കി കവര്‍ച്ച. വെണ്ണല സര്‍വ്വീസ് സഹകരണസംഘത്തിന്റെ നീതി സ്റ്റോറിലാണ് നാലംഗസംഘം കവര്‍ച്ച നടത്തിയത്. സംഭവസമയത്ത് നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തിയെങ്കിലും മോഷണമാണ് നടക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടന്നത്. വെണ്ണല സഹകരണസംഘത്തിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റിലാണ് നാലംഗ സംഘം മോഷണം നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. കടയിലെ സാധനങ്ങളൊന്നും നഷ്ടമായിട്ടില്ല.

മോഷ്ടാക്കള്‍ കടയുടെ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുന്ന ദൃശ്യങ്ങള്‍ സമീപത്ത് സ്ഥാപിച്ചിട്ടുളള സിസിടിവി ക്യമറയില്‍ പതിഞ്ഞിച്ചുണ്ട്. നാല്‍വര്‍ സംഘത്തിലെ രണ്ട് പേരെ പുറത്ത് കാവല്‍നിര്‍ത്തിയായിരുന്നു കവര്‍ച്ച. മോഷണ ശ്രമം നടക്കുന്നതിനിടയില്‍ പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘം സ്ഥലത്തെത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കടക്ക് പുറത്തുണ്ടായിരുന്ന രണ്ട് പേരോട് കാര്യങ്ങള്‍ തിരക്കി പൊലീസ് സംഘം മടങ്ങിയതല്ലാതെ മോഷണമാണ് നടക്കുന്നതെന്ന് പൊലീസിന് മനസിലാക്കാന്‍ സാധിച്ചില്ല. ഇതേസമയത്ത് തന്നെ സമീപത്തുള്ള ക്ഷേത്രത്തില്‍ കള്ളന്‍ കയറുന്ന സി.സി.ടി.വി ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളിലും പൊലീസ് വാഹനം കടന്നു പോകുന്നതായി കാണാം. രണ്ട് സംഭവങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധ പകല്‍പോലെ വ്യക്തമാണ്. സമീപ പ്രദേശത്ത് അടുത്തിടെ മോഷണങ്ങള്‍ പതിവാകുന്നതായ നാട്ടുകാരുടെ പരാതി നിലനില്‍കെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.