LiveTV

Live

Kerala

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസം ഇന്ന്

കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത് 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരായ യു.ഡി.എഫിന്റെ അവിശ്വാസം ഇന്ന്

കണ്ണൂര്‍ ‍കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചക്കെടുക്കും. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.

അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് വീതമാണ് അംഗസംഖ്യ. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. രാവിലെ 9 മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചര്‍ച്ച ആരംഭിക്കുക. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.

അവിശ്വാസ പ്രമേയം പാസായാല്‍ ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി.സീനത്തിനും നല്‍കാനാണ് യു.ഡി.എഫ് തീരുമാനം. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അവസാന നിമിഷം അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം വിജയിക്കാനാണ് സാധ്യത.