LiveTV

Live

Kerala

സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ആദിവാസി നേതാവിനെതിരെ കേസെടുക്കണമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍

ഊരുകളില്‍ ധാന്യങ്ങള്‍ ലഭ്യമാണെന്നും ദുരിതാശ്വാസ പദ്ധതിയിലൂടെ സാധനങ്ങള്‍ വാങ്ങി ദുരുപയോഗം ചെയ്യുന്നതിനാണ് പോസ്റ്റിലൂടെ ലക്ഷ്യമിട്ടതെന്നും പ്രോജക്ട് ഓഫീസര്‍ പരാതിയില്‍ പറയുന്നു

 സഹായം അഭ്യര്‍ഥിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; ആദിവാസി നേതാവിനെതിരെ കേസെടുക്കണമെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍

പ്രളയത്തിൽ ഒറ്റപ്പെട്ട ആദിവാസി ഊരുകളിലേക്ക് സഹായം എത്തിക്കണമെന്ന് ഫേസ്ബുക്കില്‍ ആവശ്യപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി പൊതുപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് ആവശ്യം. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസറാണ് എസ്.പിക്കും പട്ടികവര്‍ഗ്ഗ ഡയറക്ടര്‍ക്കും പരാതി നല്‍കിയത്. ഊരുകളില്‍ ധാന്യങ്ങള്‍ ലഭ്യമാണെന്നും ദുരിതാശ്വാസ പദ്ധതിയിലൂടെ സാധനങ്ങള്‍ വാങ്ങി ദുരുപയോഗം ചെയ്യുന്നതിനാണ് സഹായഭ്യര്‍ഥനയിലൂടെ ലക്ഷ്യമിട്ടതെന്നും പ്രോജക്ട് ഓഫീസര്‍ പരാതിയില്‍ പറയുന്നു.

പ്രളയത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്ക് ഭക്ഷണം എത്തിക്കണം എന്ന് ആവശ്യപെട്ട ആദിവാസി പൊതുപ്രവർത്തകനെതിരെ കേസ് എടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ കത്തു നൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിച്ച ഗോട്ടിയാർക്കണ്ടി ഊരിലെ സുരേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ പട്ടിക വർഗ്ഗ വകുപ്പ് ഡയറക്ടർക്കും പൊലീസിനും കത്ത് നൽകി.

അട്ടപ്പാടിയിലെ പുഴകളിലെ പാലങ്ങൾ ഒലിച്ച് പോയതും ഉരുൾപൊട്ടിയതും മൂലം നിരവധി ആദിവാസി ഊരുകൾ ഒറ്റപെട്ടിരുന്നു. ഈ ഊരുകളിലേക്ക് ആദ്യ ദിവസങ്ങളിൽ ആശയ വിനിമയം പോലും നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സഹായം അഭ്യത്ഥിച്ച് സുരേഷ് സോഷ്യൽ മീഡിയയിൽ വന്നത്. ഇതിനാണ് കേസ് എടുക്കണമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറുമ്പ ഊരുകളിൽ പരമ്പരാഗത ധാന്യങ്ങൾ നിലവിലുണ്ടെന്നും മിലറ്റ് പദ്ധതി പ്രകാരം ഊരുകളില്‍ ഭക്ഷണം നേരത്തെ എത്തിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. സർക്കാറിനെയും പട്ടിക വർഗ്ഗ വകുപ്പിനെയും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയതിന് കേസ് എടുക്കണമെന്നാണ് ആവശ്യം. ദുരിതാശ്വാസ പദ്ധതിയിലെ വസ്തുക്കൾ വാങ്ങി ദുരുപയോഗം നടത്തുന്നതിനായിരിക്കും സോഷ്യൽ മീഡിയയിലെ സഹായ അഭ്യര്‍ത്ഥനയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റപ്പെട്ട സമയത്ത് ഭക്ഷണം എത്തിക്കാതെ ആവശ്യങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുന്ന പട്ടിക വർഗ്ഗ വകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ എല്ലാ ഊരുകളിലും ഐ.റ്റി.ഡി.പി സഹായം എത്തിച്ചിട്ടുണ്ട്.