LiveTV

Live

Kerala

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസുകാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി

ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നു ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു

എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസുകാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡി.ജി.പി

സി.പി.ഐയുടെ എറണാകുളം ഐ.ജി ഓഫീസ് മാർച്ചിൽ നേതാക്കൾക്കെതിരെ ലാത്തിച്ചാർജ് നടത്തിയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കാനാവില്ലെന്നു ഡി.ജി.പി. ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നു ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു.

സി.പി.ഐ മാര്‍ച്ചിനെതിരെ നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചത്. അക്രമം ഒഴിവാക്കാന്‍ പൊലീസ് പ്രതിരോധം തീര്‍ത്തു. ഇിതിനിടെയാണ് എം.എല്‍.എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്.ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയതായി എടുത്തു പറയുന്നില്ലെന്നും ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഞാറയ്ക്കൽ ആശുപത്രി വളപ്പിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ ഞാറയ്ക്കൽ എസ്.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.ഐ ഐ.ജി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ നടത്തിയ ലാത്തിചാർജിൽ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എം.എൽ.എ എന്നിവർക്ക് പരിക്കേറ്റു. പാർട്ടി നേതാക്കളെ തല്ലിയ പോലീസ് നടപടിക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി .ഐ മന്ത്രിമാർ മന്ത്രി സഭായോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കലക്ടർ അന്വേഷണം നടത്തിയത്. പൊലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ ബലപ്രയോഗമുണ്ടായില്ലെന്നാണ് കലക്ടറുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കൂടാതെ 18 സെക്കന്റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി യോട് അഭിപ്രായം തേടിയത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ ലാൽജി, എസ്.ഐ വിപിൻ ദാസ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സി.പി.ഐയുടെ ആവശ്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

Also read: എറണാകുളം ലാത്തിച്ചാര്‍ജ്ജ്; പൊലീസുകാർക്കെതിരെ നടപടി വൈകുന്നതിൽ സി.പി.ഐ ജില്ലാ നേതൃയോഗത്തിൽ രൂക്ഷ വിമർശനം

Also read: എറണാകുളം ലാത്തിച്ചാര്‍ജ്ജ്; കലക്ടര്‍ ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഞാറക്കല്‍ സി.ഐക്കെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.ഐ