LiveTV

Live

Kerala

ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ സി.പി.എം പിന്‍വലിച്ചു

സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടേതാണ് നടപടി.

ഓമനക്കുട്ടന്‍റെ സസ്പെന്‍ഷന്‍ സി.പി.എം പിന്‍വലിച്ചു

ആലപ്പുഴ ചേര്‍ത്തലയില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെ സസ്പെന്‍ഡ് ചെയ്ത നടപടി പാര്‍ട്ടി പിന്‍വലിച്ചു. സി.പി.എം ആലപ്പുഴ ജില്ലാകമ്മിറ്റിയുടേതാണ് നടപടി. ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഓമനക്കുട്ടനെ സസ്പെന്‍ഡ് ചെയ്തത്. മാധ്യമങ്ങളിലടക്കം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നപ്പോഴാണ് സസ്പെന്‍ഡ് ചെയ്തതെന്നും ഓമനക്കുട്ടന്റെ ഭാഗം കേട്ടപ്പോള്‍ നിരപരാധിത്വം ബോധ്യമായെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.

ഓമനക്കുട്ടന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വാസുദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണ സാധനങ്ങള്‍ തീരുമ്പോള്‍ അംഗങ്ങള്‍ തന്ന വില്ലേജ് ഓഫീസില്‍ പോയി ഇന്‍ഡഡ് കൈപ്പറ്റി സാധനങ്ങള്‍ വാങ്ങുന്നത് പതിവാണ്. ചേര്‍ത്തല കണ്ണിക്കാട്ടെ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ സംഭവിച്ചതും ഇതു തന്നെ. അരി തീര്‍ന്നപ്പോള്‍ ക്യാംപ് അംഗവും പൊതുപ്രവര്‍ത്തകനുമായ ഓമനക്കുട്ടന്‍ പോയി അരി വാങ്ങി വന്നു. കാശില്ലാതിരുന്ന ഓമനക്കുട്ടന്‍ ഓട്ടോ കൂലി ക്യാംപങ്ങളില്‍ നിന്ന് വാങ്ങി നല്‍കി. ഇതാണ് ഉണ്ടായതെന്ന് റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു.

പണപ്പിരിവ് നിയമദൃഷ്ട്യാ കുറ്റകരമാണെങ്കിലും ആ പ്രവര്‍ത്തനത്തിന് പിന്നിലെ ഉദ്ദേശശുദ്ധിയും സത്യസന്ധതയും വകുപ്പിന് ബോധ്യപ്പെട്ടു. ഓമനക്കുട്ടന്‍ കള്ളനല്ല, കുറ്റവാളിയല്ല എന്ന നിലപാടാണ് വകുപ്പിന്. അതിനാല്‍ ഓമനക്കുട്ടനെതിരെ പൊലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയെന്ന് ഡോ വി വേണു ഐ.എ.എസ് ഫേസ് ബുക്കില്‍ കുറിച്ചു. തന്‍റെ സത്യസന്ധത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഓമനക്കുട്ടന്‍ പ്രതികരിച്ചു.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെ ഇന്നലെയാണ് പാര്‍ട്ടിയില്‍ നിന്ന് സ്പെന്‍ഡ് ചെയ്തത്. ഓമനക്കുട്ടന്റെ ഭാഗത്ത് തെറ്റ് പറ്റിയിട്ടില്ലെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു വാസുദേവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓമനക്കുട്ടനെതിരെ നല്‍കിയ കേസ് പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിരിവ് കുറ്റകരമാണെങ്കിലും ആ പ്രവൃത്തിക്ക് പിന്നിലെ ഉദ്ദേശശുദ്ധിയും സത്യസന്ധതയും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കി. ഓമനക്കുട്ടനുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നതായും വി. വേണു ഐ.എ.എസ് ഫേസ് ബുക്കില്‍ കുറിച്ചു. നിരപരാധിത്വം തെളിയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഓമനക്കുട്ടന്‍ പ്രതികരിച്ചു.