LiveTV

Live

Kerala

മുത്തലാഖ് നിയമം: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്  

മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 മുത്തലാഖ് നിയമം: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്  

മുത്തലാഖ് നിയമ പ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്. താമരശ്ശേരി കോടതിയില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെറുവാടി ചുളിക്കാപറമ്പിൽ ഇ.കെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. 15 ദിവസം മുമ്പ് വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി.

മുക്കം കുമാരനെല്ലൂര്‍ സ്വദേശിയായ യുവതി താമരശ്ശേരി കോടതിയില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഉസാമിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മുക്കം പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് മുത്തലാഖ് കേസിലെ ആദ്യ അറസ്റ്റ് ഉണ്ടായത്. ഉസാമിനെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു.

ഈ മാസം ഒന്നാം തിയതി വീട്ടിലേക്ക് വന്ന ഉസാം മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. മറ്റൊരു വിവാഹം ഇതിനിടെ കഴിച്ചെന്നും പറയുന്നു. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.

മുസ്‍ലിം വുമൺ പ്രൊട്ടക്ഷൻ ആക്ട് 3, 4 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. വേർപിരിയാൻ സമ്മതമാണെന്ന് പരാതിക്കാരി എഴുതി നൽകിയെന്ന് പറയപ്പെടുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്.