LiveTV

Live

Kerala

സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി നിയമിക്കാന്‍ നീക്കം

നിയമനത്തിനായി സര്‍ക്കാര്‍ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു

 സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ രതീഷിനെ കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായി നിയമിക്കാന്‍ നീക്കം

കശുവണ്ടി ഇറക്കുമതി അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡോക്ടർ കെ.എ രതീഷിനെ കൺസ്യൂമർ ഫെഡ് എം.ഡിയായി നിയമിക്കാൻ നീക്കം. സഹകരണ വകുപ്പ് സെക്രട്ടറി നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത രതീഷിനെ എംഡിയായി നിയമിക്കാൻ വിജലൻസ് ക്ലിയറൻസ് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. കണ്‍സ്യൂമര്‍ ഫെഡില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരെ ഒഴിവാക്കിയാണ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന രതീഷിനെ എം.ഡിയാക്കാന്‍ സര്‍ക്കാര്‍ നീക്കും നടത്തുന്നത്.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എംഡിയായിരിക്കെ ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്ത് വഴി കോടികളുടെ നഷ്ടം ഖജനാവിനുണ്ടാക്കി എന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നയാളാണ് രതീഷ്. ആര്‍.സുകേശന്‍ ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണ് രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡിയാക്കാന്‍ നീക്കം തുടങ്ങിയത്.ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ 18ന് പത്രങ്ങളില്‍ പരസ്യം നല്‍കി. 14 പേര്‍ അപേക്ഷിച്ചതില്‍ രതീഷ് ഉള്‍പ്പടെ അഞ്ചുപേരുടെ ചരുക്കപ്പട്ടിക തയ്യാറാക്കി കഴിഞ്ഞ ബുനാഴ്ച അഭിമുഖം നടത്തി. ഇതില്‍ ഒന്നാമതെത്തിയ രതീഷിനെ എം.ഡിയായി നിയമിക്കാന്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.

കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി കെ രത്നാകരന്‍, ജനറല്‍ മാനേജര്‍ കെ.തുളസീധരന്‍ നായര്‍ സപ്ലൈകോ മുന്‍ ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍ എന്നിങ്ങനെയുള്ള പരിചയ സമ്പന്നരെ ഒഴിവാക്കിയാണ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന രതീഷിനെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കശുവണ്ടി അഴിമതിക്കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അതിന്മേല്‍ ഹൈക്കോടതിയില്‍ അപ്പീലും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് 1000 കോടി രൂപയുടെ അഴിമതിയില്‍ അന്വേഷണം നടക്കുന്ന കണ്‍സ്യൂമര്‍ ഫെഡിലേക്ക് അഴിമതി ആരോപണം നേരിടുന്നയാളെ നിയമിക്കുന്നത്.