LiveTV

Live

Kerala

‘ദുരന്ത കാരണം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം’

കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റണം. ഇതെല്ലാം തീരുമാനിക്കാന്‍ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല: വി.എസ്

‘ദുരന്ത കാരണം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം’

ക്വാറി പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് വി.എസ് അച്യുതാനന്ദന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണമെന്നത് ജനകീയ ആവശ്യമായി മാറിയെന്നും വി.എസ് പറഞ്ഞു. സര്‍ക്കാര്‍ കെട്ടിടമാഫിയക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ക്വാറി ലൈസന്‍സ് പഞ്ചായത്തില്‍ നിന്ന് മാറ്റിയത് ഇടപാടുകള്‍ നടത്താനാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.

സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമാണെന്നത് ഏത് കൊച്ചുകുട്ടിക്കുമറിയാമെന്ന് വി.എസ് പറയുന്നു. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കപ്പെടുകതന്നെ വേണം.

പാറമടകള്‍ ജനവാസ മേഖലയില്‍ നിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം. പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തണം. കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മ്മിതികളും പൊളിച്ചുമാറ്റണം. ഇതെല്ലാം തീരുമാനിക്കാന്‍ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല. മാധവ് ഗാഡ‍്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികളെന്നു വി.എസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

അനിധികൃത ക്വാറികളെ പ്രവര്‍ത്തിക്കാനനുവദിച്ചും മറ്റും സര്‍ക്കാര്‍ കെട്ടിടമാഫിയക്ക് കൂട്ടി നില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. ക്വാറികളുടെ എണ്ണത്തിലെ വൈരുധ്യത്തെയും മുല്ലപ്പള്ളി ചോദ്യം ചെയ്തു. ഇത്രയേറ പരിസ്ഥി നാശം വരുത്തിയ മറ്റൊരു സര്‍ക്കാരില്ലെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.