LiveTV

Live

Kerala

പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്ത് പോത്തുകല്ല് മസ്ജിദ്

തെരച്ചില്‍ അവസാനിപ്പിക്കും വരെ ഈ മസ്ജിദ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍മാര്‍ക്കും പൊലീസിനുമുള്ളതാണ്

പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുത്ത് പോത്തുകല്ല് മസ്ജിദ്

പ്രളയ ജലത്തില്‍ ഒലിച്ചു പോയത് വീടും സമ്പാദ്യങ്ങളും മാത്രമല്ല, ജാതി-മത അതിര്‍ വരമ്പുകള്‍ കൂടിയാണ്. മലപ്പുറം കവളപ്പാറയില്‍ ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ അധികവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പോത്തുകല്ല് മസ്ജിദിലാണ്.

നിസ്‌കാര ഹാള്‍ ആശുപത്രി മുറിയായി. മദ്‌റസയിലെ ഡസ്‌കുകള്‍ കൂട്ടിവെച്ചപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ടേബിളായി. ഞായറാഴ്ച മുതല്‍ ഇന്നലെ വരെ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് എല്ലാ ജാതിയിലും മതത്തിലും പെട്ട 14 പേരുടെ മൃതദേഹങ്ങള്‍. ഇവിടെ ഇങ്ങനെ സൗകര്യം ഒരുക്കിയില്ലായിരുന്നുവെങ്കില്‍ മണ്ണില്‍ കിടന്ന് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ ഓരോന്നും 60 കിലോമീറ്ററുകള്‍ക്കപ്പുറത്തെ മഞ്ചേരി മെഡിക്കല്‍ കോളജ് വരെ എത്തിക്കേണ്ടി വന്നേനെ.

ഉറ്റവരുടെ മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്ക് മഞ്ചേരിയിലേക്കും തിരിച്ചും അലയേണ്ടി വന്നേനെ. ഇവിടത്തെ പ്രാഥമികാരോഗ്യ കേന്ദത്തിലെ അസൗകര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം പറ്റിയ ഒരിടം അന്വേഷിച്ചപ്പോള്‍ പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

തെരച്ചില്‍ അവസാനിപ്പിക്കും വരെ ഈ മസ്ജിദ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സര്‍ജന്‍മാര്‍ക്കും പൊലീസിനുമുള്ളതാണ്. പടച്ചവന്റെ ഭവനം എല്ലാ പടപ്പുകള്‍ക്കുള്ളതായി മാറുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍.