LiveTV

Live

Kerala

‘ഇതൊക്കെയാണ് നമ്മുടെ ശക്തി’; വെെറലായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധനാലയങ്ങൾ വിഷമത അനുഭവിക്കുന്നവർക്ക് അഭയകേന്ദ്രമായി.

‘ഇതൊക്കെയാണ്  നമ്മുടെ ശക്തി’; വെെറലായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രളയ ദുരിതം ഏറ്റുവാങ്ങിയ കേരളം, പ്രതിസന്ധികള്‍ക്ക് മുന്നില്‍ നിസ്സംഗരായി നിൽക്കുകയായിരുന്നില്ലെന്നും, ഈ ദുരന്തത്തെയും നാം അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അസാധാരണ കെടുതിയെ നേരിടാൻ നാടാകെ യോജിച്ചപ്പോൾ, ഏതൊരു വിധ്വംസക പ്രവണതക്കും നമ്മെ കീഴടക്കാനാകില്ല എന്ന സന്ദേശമാണ് നൽകിയതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പല ജാതി മതസ്ഥർ ഒരുമിച്ച് നിന്നാണ് നാടിനേറ്റ വലിയ വിപത്തിനെ നേരിട്ടത്. ആരാധനാലയങ്ങൾ വിഷമത അനുഭവിക്കുന്നവർക്ക് അഭയകേന്ദ്രമായി.

പോസ്റ്റ്മോർട്ടം നടത്താൻ നിലമ്പൂർ പോത്തുകല്ലിലെ പള്ളി വിട്ടുനൽകിയ സംഭവം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, നാടിന്റെ രക്ഷക്ക് വേണ്ടി നടത്തിയ കൂട്ടപ്രാർഥനയിൽ എല്ലാ തരം വിശ്വാസക്കാരും പങ്കാളികളായെന്നും പറഞ്ഞു. ക്യാമ്പിലുള്ളവരുടെ അരക്ഷിത ബോധം ഇല്ലാതാക്കാൻ ഇത് കാരണമായി. ഈ ഐക്യമാണ് നമ്മുടെ ശക്തിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കാലവർഷം മനുഷ്യ ജീവിതത്തെ തല്ലിത്തകർത്തു പെയ്യുമ്പോൾ ഒന്നും തിരിച്ചുപിടിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ നിസ്സംഗരായിരിക്കുകയല്ല മലയാളികൾ. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം ഉപയോഗിക്കുന്നു. അതിന് മുന്നിൽ നമുക്ക് ഒന്നും തടസ്സങ്ങളാകുന്നില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുകളും പ്രളയവും അസാധാരണമായ കെടുതികളാണ് ഇത്തവണ അവശേഷിപ്പിച്ചത്. അതിനെ നേരിടാൻ നാടാകെ യോജിച്ചണിനിരന്നു.

വിദ്യാലയങ്ങൾക്കൊപ്പം ദുരിത ബാധിതർക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളുമാണ്. ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെ ആരാധനാലയങ്ങൾ ജനങ്ങളെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് നിലമ്പുർ പോത്തുകല്ല്‌ മഹല്ല് കമ്മിറ്റിയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്തു നിസ്കാര സ്ഥലം ഉൾപ്പെടെ പോസ്റ്റുമോർട്ടത്തിന് വേണ്ടി വിട്ടു നൽകി. മദ്രസയിലെ ബെഞ്ചും ഡെസ്കുകളും വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്.

കേരളത്തിന്റെ മതനിരപേക്ഷ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും അനേകം അനുഭവങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലും ആരാധനാലയങ്ങൾ അഭയകേന്ദ്രങ്ങളാകുന്നത് നാം കണ്ടിരുന്നു. ദിവസങ്ങളോളം നാനാ ജാതി മതസ്ഥരെ താമസിപ്പിക്കാനും അവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാനും ആരാധനാലയ നടത്തിപ്പുകാർ തയാറായി. കേരളത്തിന്റെ മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും നേർസാക്ഷ്യങ്ങളായാണ് ഈ ആരാധനാലയങ്ങൾ നിലകൊണ്ടത്. അവിടെ ഒരു തരത്തിലുമുള്ള വിദ്വേഷമോ വേർതിരിവോ പ്രകടമായില്ല.

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്നവരും കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ടവരും ജീവിത സ്വപ്നങ്ങൾക്ക് ഭംഗം വന്നവരും ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുള്ളവരുമൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെട്ടത്. ഭക്ഷണവും പരിചരണവും പ്രാഥമിക സൗകര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടെങ്കിലും നൈരാശ്യവും അരക്ഷിത ബോധവും അവരെ നയിക്കുന്നത് സ്വാഭാവികമാണ്. അത്തരം അവസ്ഥയിൽ ആ മനുഷ്യർക്ക് പ്രത്യാശ പകർന്നു നൽകുന്നതിനുള്ള ദൗത്യവും ആരാധനാലയങ്ങളോടനുബന്ധിച്ച് ഒരുക്കാൻ ശ്രമം നടന്നിരുന്നു. അതിന് കൂട്ട പ്രാർത്ഥനകളടക്കം സംഘടിപ്പിച്ചു. എല്ലാ മതത്തിലും പെട്ടവർ അത്തരം പ്രാർത്ഥനകളിൽ പങ്കാളികളായി. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതിനും അവർക്ക് ശാന്തി പ്രദാനം ചെയ്യുന്നതിനുമുള്ള ഉദ്യമങ്ങളാണുണ്ടായത്.

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി. ഈ ദുരന്ത മുഖത്തു തെളിഞ്ഞു നിൽക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്. ഒരു തരത്തിലുള്ള വിധ്വംസക പ്രവണതകൾക്കും നമ്മെ കീഴടക്കാനാവില്ല എന്ന ഉറപ്പാണത്.