LiveTV

Live

Kerala

റെഗുലേറ്ററിന്റെ ഷട്ടർ തുറക്കുന്നതില്‍ വീഴ്ച; എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെന്റ് ചെയ്തു

ഉദ്യോഗസ്ഥ വീഴ്ചയാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്നാണ് വിലയിരുത്തൽ.

റെഗുലേറ്ററിന്റെ ഷട്ടർ തുറക്കുന്നതില്‍ വീഴ്ച;  എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെന്റ് ചെയ്തു

പാലക്കാട് വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടർ തുറക്കുന്നതിലെ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനിയറെ സസ്പെന്റ് ചെയ്തു. ചീഫ് എഞ്ചിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയുടേതാണ് നടപടി. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടും ഷട്ടർ തുറക്കാത്തതിനാൽ വെളളിയാങ്കല്ല് മുതൽ പട്ടാമ്പിവരെയുള്ള ജനവാസ മേഖലകളിൽ വെള്ളം കയറിയിരുന്നു.

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ലിലെ റെഗുലേറ്ററിന്റെ 27 ഷട്ടറുകളിൽ പതിമൂന്നെണ്ണം ഉയർത്താൻ കഴിയാത്തതാണ് വെള്ളിയാങ്കല്ല് മുതൽ പട്ടാമ്പി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ കാരണം. വിഷയത്തിൽ ചീഫ് എഞ്ചിനിയറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥ വീഴ്ചയാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ 13 വർഷം മാത്രം പഴക്കമുള്ള ഷട്ടറുകൾക്ക് കേട് പാടുണ്ടെന്നും, കൃത്യമായ അറ്റകുറ്റപണികൾ നടത്താത്താണ് ഷട്ടർ തുറക്കാൻ കഴിയാത്തതിന് കാരണമെന്നും ഇ.ശ്രീധരൻ ഉൾപ്പെടെയുള്ള ആളുകൾ പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാത്രമല്ല അടിയന്തരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ അടുത്ത മഴക്കാലത്തും ഈ പ്രദേശമാകെ വെള്ളത്തിനടിയിലാകും.

വെള്ളിയാങ്കല്ലിൽ സ്ഥിരം സിവിൽ മെക്കാനിക്കൽ മെയിന്റനൻസ് ഉറപ്പ് വരുത്തണം, ഷട്ടറുകൾ തുറക്കാനും അടക്കാനും കലണ്ടർ, പുഴയിലെ ജലനിരപ്പ് മോണിറ്റർ ചെയ്യാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കാനും സംവിധാനം വേണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.