LiveTV

Live

Kerala

കണ്ണൂരില്‍ മഴക്കെടുതികളുടെ കണക്കെടുപ്പ് തുടങ്ങി

മൂന്ന് ദിവസത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാനാണ് കലക്ടറുടെ നിര്‍ദേശം.

കണ്ണൂരില്‍ മഴക്കെടുതികളുടെ കണക്കെടുപ്പ് തുടങ്ങി

കണ്ണൂര്‍ ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്നുണ്ടായ നാശ നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ഒമ്പത് മരണമാണ് ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. 133 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 49.67 കോടിയുടെ കൃഷി നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. മൂന്ന് ദിവസത്തിനുളളില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാനാണ് കലക്ടറുടെ നിര്‍ദേശം. കനത്ത മഴയിലും ഉരുള്‍ പൊട്ടലിലും കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണ്ണൂര്‍ ജില്ലയിലുണ്ടായത്.

10164 വീടുകളില്‍ വെളളം കയറി. 133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 9000 ഓളം വീടുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. 1224 കടകളും 120 സര്‍ക്കാര്‍ സ്ഥാപനങ്ങളും വെളളം കയറിയതിനെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്. 839 റോഡുകളും നൂറിലേറെ പാലങ്ങളും കലുങ്കുകളും മലവെളളപ്പാച്ചിലില്‍ നശിച്ചു. ഇതില്‍ 133 റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം പൂര്‍ണ്ണമായി നശിച്ചു. 49.67 കോടിയുടെ കൃഷി നാശവും ജില്ലയിലുണ്ടായതായാണ് പ്രാഥമിക കണക്ക്.1083 ഹെക്ടറിലെ നെല്‍കൃഷി വെളളം കയറി നശിച്ചു.

വ്യവസായ രംഗത്ത് 50.66 കോടിയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസത്തിനകം നാശനഷ്ടങ്ങള്‍ സംബന്ധിച്ച അന്തിമ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 25 ദുരിതാശ്വാസ ക്യാമ്പുകളാണ് ഉളളത്. 1047 കുടുംബങ്ങളിലെ 3992 പേര്‍ ഈ ക്യാമ്പുകളില്‍ തുടരുന്നുണ്ട്. മലയോര മേഖലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.