കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ച് വിട്ടു
എന്നാല്‍ വാസയോഗ്യമല്ലാത്ത വിധം നശിച്ച വീടുകളിലെ നിരവധി പേര് ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്

താഴ്ന്ന പ്രദേശങ്ങളിലെ വെളളം ഇറങ്ങിയതോടെ കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ച് വിട്ടു. എന്നാല്‍ വാസയോഗ്യമല്ലാത്ത വിധം നശിച്ച വീടുകളിലെ നിരവധി പേര് ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്. ഇവരുടെ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഒന്നും പുറപ്പെടുവിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയില്ല.
മഴ വെളളം പടി കടന്നതോടെ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരികെ പോയിത്തുടങ്ങി. എന്നാല്‍ പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായോ, ഭാഗികമായോ തകര്‍ന്നു നിരവധി പേരുണ്ട്. ഇനി എങ്ങോട്ട് എന്ന ആശങ്ക നിറഞ്ഞ ചോദ്യം മാത്രമാണ് അവരുടെ മുന്നില്‍ ബാക്കിയുളളത്.
154 ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു ജില്ലയില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ 119 ക്യാമ്പുകള്‍ ഇന്നലെയോടെ പിരിച്ച് വിട്ടു. ഇനി 35 ക്യാമ്പുകളിലായി 7007 പേരാണ് ബാക്കിയുളളത്. ഇതില്‍ പകുതിയോളം പേര്‍ക്കും ഇന്നോ നാളെയോ ആയി വീടുകളിലേക്ക് മടങ്ങാനായേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വാസയോഗ്യമല്ലാത്ത വിധം വീടുകള്‍ തകര്‍ന്നവരെ എവിടെ? എത്രകാലം പുനരധിവസിപ്പിക്കും എന്ന ചോദ്യത്തിന് അധികൃതരുടെ കയ്യിലും കൃത്യമായ ഉത്തരമില്ല.