LiveTV

Live

Kerala

പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

കഴിഞ്ഞ ദിവസം പച്ചക്കാടും പുത്തുമലയിലും മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല 

പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും

വയനാട് പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും . ഇതിനകം 10 മൃതദേഹങ്ങള്‍ കണ്ടെടുത്ത പ്രദേശത്ത് 8 പേരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം പച്ചക്കാടും പുത്തുമലയിലും മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.

കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചാണ് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നത്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായില്ലെങ്കിലും ദൌത്യം ഇന്നും തുടരാനാണ് തീരുമാനം. ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് പച്ചക്കാട് പ്രദേശത്തെ തെരെച്ചില്‍ നിര്‍ത്തിവെച്ചു. വീടിനകത്ത് കുടുങ്ങിയയാള്‍ക്കായി മൂന്നാം ദിവസവും നടന്ന തെരച്ചിലിന് മഴ തടസ്സമായി.

എടക്കല്‍ ഗുഹയ്ക്ക് സമീപം പൊന്‍മുടിക്കോട്ടയില്‍ നാലിടങ്ങളിലായി ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 35 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. വൈത്തിരി മൂരിക്കുന്നിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളമിറങ്ങിയെങ്കിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന പലരുടെയും വീടുകള്‍ തകര്‍ന്ന നിലയിലാണ്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. പുത്തുമലയിലെ ദുരന്തഭൂമിയിലേക്ക് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇപ്പോഴുമെത്തുന്നുണ്ട്.