LiveTV

Live

Kerala

കുട്ടനാട്ടിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി

പാടശേഖരങ്ങളിലുണ്ടായ മട വീഴ്ച മൂലം കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ് 

കുട്ടനാട്ടിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി

പമ്പയാറിൽ ജലനിരപ്പുയർന്നതോടെ കുട്ടനാട്ടിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി. പാടശേഖരങ്ങളിലുണ്ടായ മട വീഴ്ച മൂലം കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴ പെയ്തതിനെ തൂടര്‍ന്നാണ് കുട്ടനാട്ടിൽ വീണ്ടും വെള്ളം കയറാൻ തുടങ്ങിയത്. ആലപ്പുഴ ചങ്ങനാശേരി റൂട്ടിലെ എ.സി റോഡിൽ അഞ്ചാം ദിവസവും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മടവീഴ്ച മൂലം വെള്ളത്തിനടിയിലായ കൈനകരി പഞ്ചായത്തിലെ കനക ശേരി പാടം ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.

മടവീഴ്ച മൂലം വെള്ളം കയറി 2000 ഹെക്ടറിലധികം നെൽകൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പമ്പയാറിലും മണിമലയാറിലും ജല നിരപ്പ് ഉയരുന്നതിനാൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. നിലവിൽ ജില്ലയിൽ 105 ക്യാമ്പുകളിലായി 20223 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.