LiveTV

Live

Kerala

കെവിന്‍ കേസില്‍ വിധി 22ന്

നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍, ഗൂഢാലോചന, ഭവനഭേദനം തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

കെവിന്‍ കേസില്‍ വിധി 22ന്

കെവിന്‍ കൊലപാതക കേസ് വിധി 22 ആം തിയതിയിലേക്ക് മാറ്റി. ദുരഭിമാന കൊലയാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി വീണ്ടും വാദം കേട്ടു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷന്‍ ഉറച്ച് നിന്നപ്പോള്‍ പ്രതിഭാഗം ഇതിനെ പൂര്‍ണ്ണമായും എതിര്‍ത്തു.

മൂന്ന് മാസം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാന്‍ വേണ്ടി കേസ് പരിഗണിച്ചത്. എന്നാല്‍ ദുരഭിമാനകൊലയാണോ എന്ന കാര്യത്തില്‍ കേസ് പരിഗണിച്ചപ്പോള്‍ തന്നെ കോടതി വ്യക്തത തേടി. തുടര്‍ന്ന് ഇരുവിഭാഗത്തിന്റെയും വിശദമായ വാദം കോട്ടു. നീനുവിന്റെയും മുഖ്യസാക്ഷി ലിജോയുടേയും മൊഴികള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ദുരഭിമാനകൊല തന്നെയാണെന്ന് ആവര്‍ത്തിച്ചത്.

ചാക്കോയും ഷാനുവും നടത്തിയ വാട്സ്അപ്പ് ചാറ്റുകളിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്. ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ദുരഭിമാന കൊലയായി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെ പ്രതിഭാഗം തള്ളി. ഒരു മാസത്തിനുള്ളില്‍ വിവാഹം നടത്തി കൊടുക്കാമെന്ന് ചാക്കോ പറഞ്ഞതും ഇരുകൂട്ടരും ക്രൈസ്തവരാണെന്ന് അനീഷ് പറഞ്ഞ മൊഴിയും പ്രതിഭാഗം ഉയര്‍ത്തിക്കാട്ടി. തമിഴ്നാട്ടില്‍ 2014 നടന്ന കേസ് പരാമര്‍ശിച്ച് ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതോടെയാണ് കേസ് വിധി പറയാന്‍ 22ാം തിയതിയിലേക്ക് കോടതി മാറ്റിയത്.