LiveTV

Live

Kerala

കവളപ്പാറയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇവിടെ തെരച്ചില്‍ തുടരുകയാണ്

കവളപ്പാറയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇവിടെ തെരച്ചില്‍ തുടരുകയാണ്. ഇതുവരെ ഇവിടെ നിന്ന് കണ്ടെത്തിയത് 29 മൃതദേഹങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. യന്ത്രസാമഗ്രികളുടെ സഹായത്തോടെ സൈന്യവും എന്‍.ഡി.ആര്‍.എഫും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.

വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ആറാം ദിവസവും പുരോഗമിക്കുന്നു. 17 മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്. കാണാതായവരുടെ മൃതദേഹം കണ്ടെത്താനായി ലൊക്കേഷന്‍ മാപ്പ് തയ്യാറാക്കി.

കവളപ്പാറയിൽ 59 പേരാണ് മണ്ണിനടിയിൽ പെട്ട് കാണാതായത്. ഇതിൽ ഇതുവരെ കണ്ടെത്താനായത് 29 പേരുടെ മൃതദേഹങ്ങൾ. 15 മണ്ണ് മാന്തിയന്ത്രങ്ങളുടെ സഹായത്തോടെയാണ് ഫയർഫോഴ്സും എന്‍.ഡി.ആര്‍.എഫും സന്നദ്ധ പ്രവർത്തകരും തെരച്ചിൽ നടത്തുന്നത്. ചളി നിറഞ്ഞ പ്രദേശത്ത് വീടുകളിരുന്ന ഭാഗം മനസ്സിലാക്കി തെരച്ചിൽ നടത്തുക വളരെ ശ്രമകരമായ ദൗത്യമാണ്. ഇതിനിടെയാണ് വീണ്ടും അതിതീവ്രമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്. മഴ കനത്താൽ തെരച്ചിൽ ഏറെ ദുഷ്കരമാകും. വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന ആശങ്കയുമുണ്ട്.

അഴുകി തിരിച്ചറിയാനാകാത്ത നിലയിലാണ് ഇന്നലെ മൃതദേഹങ്ങൾ കിട്ടിയത്. അതുകൊണ്ട് തന്നെ ഇനി ലഭിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തേണ്ടി വരും. പ്രദേശത്ത് ചളി നീക്കി വീടുകൾ വൃത്തിയാക്കുന്ന പണി പുരോഗമിക്കുകയാണ്.