അവര്‍ മണ്ണില്‍ പുതഞ്ഞുകിടക്കുമ്പോള്‍ നമ്മളെങ്ങനെ ഉറങ്ങും?
കവളപ്പാറയില്‍ അഞ്ച് ദിവസമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഐ.ആര്.ഡബ്ല്യു സ്റ്റേറ്റ് അസി. കണ്‍വീനര്‍ ബഷീർ ശർഖിയുടെ അനുഭവം. തയ്യാറാക്കിയത്- ബഷീർ തൃപ്പനച്ചി

'ചാലിയാർ കരകവിഞ്ഞ് വെള്ളം കയറിക്കൊണ്ടിരിക്കുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. മഴയിങ്ങനെ തുടർന്നാൽ വെള്ളം ഇനിയുമുയർന്ന് നേരം വെളുക്കുമ്പോഴേക്ക് ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലാകും.' കനത്ത മഴയാരംഭിച്ച ആഗസ്റ്റ് എഴ് ചൊവാഴ്ച വൈകുന്നേരം വാഴക്കാട്ടുനിന്ന് ഐഡിയൽ റിലീഫ് വിംഗിന് (ഐ.ആര്.ഡബ്ല്യു) വന്ന ആദ്യ ഫോണ്‍ സന്ദേശമിതായിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഐ.ആർ.ഡബ്ല്യുവിന്റെ ഒരു ബോട്ടുമായി ഇരുപതംഗ സംഘം വാഴക്കാടെത്തി. അവിടെ ആളപായമോ മറ്റ് ദുരന്തങ്ങളോ ഇല്ലെന്നുറപ്പാക്കി, ബോട്ട് അന്നാട്ടുകാരെ ഏൽപ്പിച്ച് തിരിച്ചുപോരാനൊരുങ്ങുന്നതിനിടെയാണ് കവളപ്പാറ ദുരന്ത വിവരമെത്തുന്നത്. അപ്പോള്‍ തന്നെ നേരെ അങ്ങോട്ടേക്ക് തിരിച്ചു. യാത്രാ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് രാത്രി പൂക്കോട്ടുംപ്പാടത്ത് തങ്ങേണ്ടിവന്നു.

ഭീതിജനകമായ കാഴ്ചകളായിരുന്നു വ്യാഴാഴ്ച അതിരാവിലെ കവളപ്പാറയിലെത്തിയപ്പോൾ കണ്ടത്. അമ്പതിലേറെ വീടുകൾ 200 മീറ്ററോളം ദൂരേക്ക് ഒലിച്ചുപോയി. വീടും കെട്ടിടങ്ങളും മനുഷ്യരുമടക്കം സര്‍വതും മണ്ണുമൂടി. കുന്നിൻമുകളിൽ അത്രയേറെ വീടുകൾ ഉണ്ടായിരുന്നുവെന്ന് സംശയിക്കാന്‍ പോലും പറ്റാത്തവിധം, ഒരടയാളവും ബാക്കിവക്കാതെ എല്ലാം മണ്ണെടുത്തു. അവിടെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന സമീപവാസികളുടെ വാക്കുകള്‍ മാത്രം വിശ്വസിച്ചാണ് ദുരന്ത ഭൂമിയിലേക്ക് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ആദ്യ ചുവടുവെച്ചപ്പോള്‍ തന്നെ ആ പ്രദേശം അപ്പാടെ തകിടംമറിഞ്ഞിരിക്കുന്നുവെന്ന് ബോധ്യമായി. മീറ്ററുകളോളം ഉയത്തില്‍ മണ്ണടിഞ്ഞിരിക്കുന്നു. അതിനിടയിലൂടെ വെള്ളവുമൊലിച്ചിറങ്ങുന്നു. പലയിടത്തും ചവിട്ടിയാല്‍ മുട്ടോളം മണ്ണിലുറയും. ചിലയിടത്ത് അരയോളം. അവിടെ ചവിട്ടിനിന്നുവേണം രക്ഷാപ്രവര്‍ത്തനം.
വാഴക്കാട് നിന്ന് പെട്ടെന്ന് ഇങ്ങോട്ട് തിരിച്ചതിനാൽ കൈയ്യില്‍ ആവശ്യമായ ഉപകരണങ്ങൾ ഒന്നുമില്ലായിരുന്നു. എങ്കിലും ഞങ്ങളിറങ്ങി. വീടുകള്‍ ഉണ്ടായിരുന്നുവെന്ന് സമീപവാസികൾ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളില്‍നിന്നാണ് തിരച്ചിൽ തുടങ്ങിയത്. പക്ഷേ അൽപസമയത്തിനകം തന്നെ ഒന്നിനുപിറകെ ഒന്നായി ചെറിയ മണ്ണിടിച്ചിലുകളുണ്ടായി. ഒടുവില്‍ പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടേണ്ടിവന്നു. അതോടെ ഈ പ്രദേശത്തെ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തിവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് അത് പുനരാരംഭിച്ചത്. അപ്പോഴേക്കും മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് , എന്നിവിടങ്ങളിൽ നിന്നായി നൂറ്റമ്പതോളം ഐ.ആര്.ഡബ്ല്യു വളണ്ടിയർമാർ കവളപ്പാറയിൽ എത്തിയിരുന്നു. കറന്റില്ലാതെ തന്നെ കോണ്‍ക്രീറ്റ് പൊളിക്കുന്നതിനടക്കമുള്ള പ്രധാന ഉകരണങ്ങളും അവര്‍ കൊണ്ടുവന്നു. കവളപ്പാറയിൽ നിന്ന് 6 കിലോമീറ്റർ ദൂരെ പോത്തുകല്ലിൽ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ജുമാമസ്ജിദിൽ തമ്പടിച്ചാണ് രക്ഷാപ്രവർത്തനം ആസൂത്രണം ചെയ്തത്. കനത്ത മഴയും താഴെ ചെളിയുമായതിനാൽ എല്ലാവർക്കും വൈകുന്നേരം വരെ രക്ഷാപ്രവർത്തനം തുടരുക അസാധ്യമായി. ക്ഷീണിതരാകുന്നവര്ക്ക് പകരം ആളെയെത്തിക്കാന്‍ കഴിയുംവിധത്തില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തിയത് ഇടവേളകളില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായകരമായി. പലപ്പോഴും ഫയർഫോഴ്സിനും പോലീസിനും വരെ പലഘട്ടങ്ങളിലും ആശ്രയമായത് ഐ.ആര്.ഡബ്ല്യു പ്രവര്‍ത്തകരാണ്. രണ്ട് ദിവസം പിന്നിട്ടതോടെ കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും വന്നു. രക്ഷാപ്രവർത്തനം അല്പം വേഗത്തിലായി. പെരുന്നാൾ ദിവസം നാട്ടിലേക്ക് പോകാതെ രക്ഷാപ്രവർത്തനത്തിൽ തുടരാൻ ഐ.ആർ.ഡബ്ല്യു തീരുമാനിച്ചു. രാത്രി ഇരുട്ടുന്നത് വരെ രക്ഷാപ്രവർത്തനം, രാത്രി പള്ളിയില്‍ അന്തിയുറക്കം. പിറ്റേന്ന് രാവിലെ വീണ്ടും ദുരന്ത ഭൂമിയിലേക്ക്. ഇതാണ് ഇപ്പോള്‍ ദിനചര്യ. ഭക്ഷണം ഒരുക്കുന്നത് പോത്തുകല്ലിലെ വനിതകളടക്കമുള്ള ജമാഅത്തെ ഇസ്ലാമി പ്രവർത്തകര്‍. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബുര്‍റഹ്മാനും ഈ ദിവസങ്ങളില്‍ ഇവിടെയുണ്ട്.

മലമുകളിലെ ഒരു വീട്ടിൽ കോൺക്രീറ്റ് സ്ലാബിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഏഴ് വയസ്സുകാരിയുടെ മൃതദേഹം പുറത്തെടുക്കാൻ സഹായിക്കണമെന്നാണ് ആദ്യം നാട്ടുകാർ ആവശ്യപ്പെട്ടത്. അവിടെ ഇളകുന്ന മണ്ണായിരുന്നു. എപ്പോഴും താഴേക്ക് സ്ലാബടക്കം പൂണ്ടു പോകാവുന്ന അവസ്ഥ. അങ്ങനെ സംഭവിച്ചാൽ സ്ലാബിനൊപ്പം രക്ഷാപ്രവർത്തകരും മണ്ണിനടിയിലാകും. മഴ പെയ്തു കൊണ്ടിരുന്നതിനാലും മണ്ണിന് നനവുള്ളതിനാലും അന്നുണ്ടായിരുന്ന ജെസിബി അങ്ങോട്ട് എത്തിക്കാൻ സാധിച്ചില്ല. ഞങ്ങൾ ഒരു സംഘം അങ്ങോട്ട് കയറിച്ചെന്നു. സാവധാനം സൂക്ഷ്മതയോടെ മണ്ണ് നീക്കം ചെയ്തു. സ്ലാബിനുള്ളിൽ നിന്ന് ആ പിഞ്ചുശരീരം പുറത്തെടുത്തു. ഏത് സമയത്തും കോണ്‍ക്രീറ്റ് ഇളകി താഴേക്ക് പതിക്കാവുന്ന അവസ്ഥയിലുള്ള കെട്ടിടം തുരന്നിറങ്ങിയാണ്, അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആ കുഞ്ഞുമൃതദേഹം പുറത്തെടുത്തത്. പിന്നീട് നാട്ടുകാർ ചൂണ്ടിക്കാണിച്ച ഭാഗങ്ങളെല്ലാം പരതി. ആ ദിവസം എട്ട് മൃതശരീരം കണ്ടെത്തി.

ഒരാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ ഒരു മണവാട്ടിയുടെതായിരുന്നു അതിലൊന്ന്. കല്യാണ ആഭരണങ്ങളോടെയാണ് അവരെ പുറത്തെടുത്തത്. വിവാഹം കഴിഞ്ഞ് വരൻ പിറ്റേദിവസം ഗൾഫിലേക്ക് പോയതാണ്. ആ ജീവനറ്റ പുതുപെണ്ണിനെ കണ്ടപ്പോൾ ആ നാട്ടുകാരൊന്നടങ്കം പൊട്ടിക്കരഞ്ഞു. ദുരന്തം നടന്ന് അഞ്ച് ദിവസം പിന്നിട്ടതോടെ സ്ഥലമാകെ ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടുണ്ട്. അപ്പോഴും നാല്പതിലേറെപേരെ കണ്ടെത്താനുമുണ്ട്. സർക്കാർ സംവിധാനങ്ങൾ കവളപ്പാറയിൽ രക്ഷാപ്രവർത്തനം അവസാനിപ്പിക്കുംവരെ അവിടെ തുടരാനാണ് ഐ.ആർഡബ്ല്യു തീരുമാനം. ഇപ്പോള്‍ കിട്ടുന്ന മൃതദേഹങ്ങള്‍ ജീർണിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പാതി ശരീരം ലഭിച്ചു. തലയും ഒരു കൈയും മാത്രം. ബാക്കി ഭാഗം കൂടി കണ്ടെത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറാം എന്നായിരുന്നു തീരുമാനം. പക്ഷേ വൈകുന്നേരം വരെ തിരഞ്ഞിട്ടും മറ്റു ഭാഗങ്ങൾ ലഭിച്ചില്ല. ഒടുവില്‍ കിട്ടിയ ശരീരഭാഗങ്ങൾ ബന്ധുക്കൾ സംസ്കരിച്ചു.
മഴയൊഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമായിരുന്നു. മഴ വീണ്ടും ആരംഭിച്ചതോടെ രക്ഷാപ്രവർത്തനം വീണ്ടും ദുഷ്കരമായി. ഇതുവരെ കവളപ്പാറയില്‍നിന്ന് ആകെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍. ഇനിയുമുണ്ട് മണ്ണിൽ ബാക്കി കിടക്കുന്നവര്‍. അവരെ കണ്ടെത്തനാകുമെന്ന് തന്നെയാണ് പ്രതീക്ഷ, ആ മൃതദേഹമെങ്കിലും ഒരു നോക്കുകാണാൻ കൊതിച്ച് പ്രാർത്ഥനയോടെ ബന്ധുക്കൾ ഈ ദുരന്ത ഭൂമയില്‍ തന്നെയുണ്ട്. ഭൂമിവിഴുങ്ങിയ ആ മനുഷ്യരെ വീണ്ടെടുക്കാതെ, ഉറ്റവരെ കാത്ത് കരഞ്ഞുകലങ്ങിയ ബന്ധുക്കളുടെ കണ്ണുകളിലേക്ക് നമുക്കെങ്ങനെ നോക്കാനാകും? ആ മണ്പ്രവാഹത്തില് ഒലിച്ചുപോയവര്‍ കവളപ്പാറയിലെ മണ്കൂനകള്ക്കടിയിലുറഞ്ഞുകിടക്കുമ്പോള് നമുക്കെങ്ങനെ സ്വസ്ഥമായി ഉറങ്ങാനാകും?