LiveTV

Live

Kerala

ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി; പറയാനുള്ളത് മുഖ്യമന്ത്രി കേട്ടില്ലെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍  

ദുരന്ത ബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും. മണ്ണിനടിയില്‍പ്പെട്ട ആളുകളെ കണ്ടെത്താന്‍ കഴിയാത്തതിന് കാരണം പ്രതികൂല കാലാവസ്ഥയാണെന്നും മുഖ്യമന്ത്രി

ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി; പറയാനുള്ളത് മുഖ്യമന്ത്രി കേട്ടില്ലെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍  

ദുരിത ബാധിത മേഖലകളായ മേപ്പാടിയിലും കവളപ്പാറയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. ഭൂദാനത്തെ ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. പോത്തുകല്ല് ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂർ കവളപ്പാറയിലെ സെന്‍റ് ജോസഫ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. സംസ്ഥാനത്തു തന്നെ ഇത്തവണ ഏറ്റവും ദുരന്തം വിതച്ച കവളപ്പാറയിലെ ജനങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. നേരിടുന്നത് വലിയ കഷ്ടപ്പാടാണ് എന്നും ഇതും നമ്മൾ അതിജീവിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്യാമ്പ് സന്ദർശിച്ച് മുഖ്യമന്ത്രി ശേഷം പോത്തുകല്ല് ഗ്രാമപഞ്ചായത്ത് എത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. യോഗത്തിലും മുഖ്യമന്ത്രി ഒരുമിച്ചുനിന്ന് ദുരിതകാലത്തെ നേരിടുന്നത് സംബന്ധിച്ചാണ് പ്രസംഗിച്ചത്. കാര്യക്ഷമമായ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്ന് ജില്ലാ കലക്ടറും പി.വി അൻവർ എം.എല്‍.എയും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം പോത്തുകല്ലിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിഷേധിച്ചു. പ്രളയ ബാധിത മേഖലയിലെ എം.എല്‍.എമാര്‍ക്ക് പറയാനുള്ളത് മുഖ്യമന്ത്രി കേട്ടില്ലെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ വിമര്‍ശിച്ചു. എന്നാല്‍ അവലോകന യോഗത്തില്‍ ഇവര്‍ സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പ്രതികരിച്ചു.

രക്ഷാപ്രവർത്തനത്തിൽ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏകോപനമില്ലെന്നും എം.എല്‍.എമാര്‍ വ്യക്തമാക്കി. പി.കെ ബഷീര്‍, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, എം ഉമ്മര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പി.വി അന്‍വര്‍ ആവശ്യപ്പെട്ടു.